പാലാ : മികച്ച ഭൗതിക ചുറ്റുപാടുകൾ, കുട്ടികൾക്കായി അടുക്കളത്തോട്ടം, മാലിന്യസംസ്‌കരണസംവിധാനം, ശുദ്ധമായ കുടിവെള്ളം...മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ 74ാം നമ്പർ കൊച്ചുകൊട്ടാരം അങ്കണവാടിയിലെ സൗകര്യങ്ങളുടെ നിര ഇങ്ങനെ നീണ്ടുപോകുന്നു. ഇതിനൊപ്പം ശിശുസൗഹൃദ അന്തരീക്ഷം കൂടി കണക്കിലെടുത്താണ് സ്വച്ഛ് ഭാരത് മിഷൻ സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി നടത്തിയ ജില്ലാതല സ്വച്ഛസുന്ദർ അങ്കണവാടി പുരസ്‌കാരത്തിന് സ്ഥാപനത്തെ തിരഞ്ഞെടുത്തത്.
ആറ് സെന്റ് ഭൂമിയിൽ രണ്ടു കെട്ടിടങ്ങളിലായി കുട്ടികളുടെ പഠനമുറി, അടുക്കള, കളിയുപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, ശൗചാലയം തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. അടുക്കളയിൽ മാലിന്യ നിർമ്മാർജ്ജന സംവിധാനമുണ്ട്. ജൈവ മാലിന്യസംസ്‌കരണത്തിനായി പൈപ്പ് കമ്പോസ്റ്റ്, ബിന്നുകൾ തുടങ്ങിയവ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചു.
അജൈവമാലിന്യങ്ങൾ എല്ലാമാസവും ഹരിതകർമ്മസേനയ്ക്ക് കൈമാറും. സമഗ്രമാലിന്യ സംസ്‌കരണ പദ്ധതി സംബന്ധിച്ച് അങ്കണവാടി മുഖേന ബോധവത്ക്കരണ ക്ലാസുകൾ നടത്തി. നിലവിൽ 13 കുട്ടികളാണുള്ളത്. കിണർവെള്ളം ശുദ്ധീകരിച്ചാണ് ഇവർക്ക് നൽകുന്നത്. മാതാപിതാക്കളുടെ സഹകരണത്തോടെയാണ് ജൈവ അടുക്കളത്തോട്ടം ഒരുക്കിയത്.