അടിമാലി: അടിമാലിയിലും മാങ്കുളത്തുമായുണ്ടായ വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ഇരുമ്പുപാലത്തിനും പത്താംമൈലിനുമിടയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ബ്ലായിൽ സന്തോഷ് (43), മാതാവ് ലീല (64) എന്നിവർക്ക് പരിക്കേറ്റു. സന്തോഷും ലീലയും ആലുവയ്ക്ക് പോയശേഷം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തിരികെ അടിമാലിക്ക് വരുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായ ഒമ്‌നിവാൻ പുഴയോരത്തെ കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായി തകർന്നെങ്കിലും സന്തോഷും ലീലയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മാങ്കുളം പെരുമൻകുത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ആട്ടോറിക്ഷ മറിഞ്ഞായിരുന്നു മറ്റൊരപകടം. വാഹനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന ആനക്കുളം സ്വദേശി മേച്ചേരിയിൽ ഗോപകുമാർ (60), ചെമ്പൻപുരയിടത്തിൽ പുരുഷോത്തമൻ (60) എന്നിവർക്ക് പരിക്കുകളേറ്റു. ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.