കോട്ടയം: അന്തേവാസികളുടെ ദുരൂഹമരണങ്ങളെത്തുടർന്ന് അന്വേഷണം നേരിടുന്ന ചങ്ങനാശേരി കോട്ടമുറിയിലെ പുതുജീവൻ സൈക്യാട്രിക് ആശുപത്രിക്ക് ഉടൻ പൂട്ടുവീഴും. ഇതുസംബന്ധിച്ച് പായിപ്പാട് പഞ്ചായത്ത് നടപടികൾ ആരംഭിച്ചു. ഇന്നലെ പഞ്ചായത്ത് അധികൃതർ പുതുജീവനിലെത്തി രണ്ടാംവട്ട പരിശോധന നടത്തിയതിനെ തുടർന്ന് ആശുപത്രിയുടെ ശുചിത്വ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരുന്നു. കേന്ദ്രത്തിൽ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് ആരോഗ്യവിഭാഗം ശുചിത്വ സർട്ടിഫിക്കറ്റ് റദ്ദാക്കിയത്.

അതേസമയം, ഇവിടെയുള്ള അന്തേവാസികളെ ഇന്ന് ആശുപത്രിയിൽ നിന്നും മാറ്റും. എട്ട് വർഷത്തിനിടയിൽ 33 മരണങ്ങൾ സംഭവിച്ചതായി പുറംലോകം അറിഞ്ഞതോടെ അന്തേവാസികളിൽ പലരെയും ബന്ധുക്കളെത്തി വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഇപ്പോൾ ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരാണ് ഇവിടെയുള്ളത്. ഇവരെ ഇവിടെനിന്നും മാറ്റും. ഇതിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രണ്ടു പുരുഷന്മാർക്ക് തുടർചികിത്സ ആവശ്യമാണെന്ന് ആശുപത്രി സൈക്യാട്രി മേധാവി ഡോ.സതീഷ് വ്യക്തമാക്കി.

അതേസമയം വൈറസ് ബാധ കാരണമുള്ള ന്യുമോണിയയാണ് രണ്ടു പേരുടെ മരണത്തിന് കാരണമെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു. ശരീരത്തിലെ ഈയത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ വ്യക്തമാക്കിയിരുന്നു. രക്തം, ആന്തരികായവയവങ്ങൾ എന്നിവയുടെ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമേ ഫോറൻസിക് വിഭാഗം അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയുള്ളു. ഈയം മൂലമുള്ള വിഷബാധയാണോ മരണത്തിന് കാരണം എന്നത് സംബന്ധിച്ച് കൊച്ചി അമൃത ആശുപത്രിയിലെ പരിശോധന റിപ്പോർട്ട് നാളെ ലഭിക്കും. പുതുജീവൻ ട്രസ്റ്റിലെ മരണം കൊറോണ, നിപ്പ എന്നിവയല്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പുതുജീവൻ അന്തേവാസികളെ കൊറോണയ്ക്കായി സജ്ജികരിച്ചിട്ടുളള ഐസലേഷൻ വാർഡിലേക്ക് മാറ്റി. വൈറസിന്റെ സ്വഭാവം ഏതെന്ന് കണ്ടെത്താത്തതിനാലാണ് മുൻകരുതൽ എന്ന നിലയിൽ ഇവരെ പ്രത്യേകം പാർപ്പിച്ചിട്ടുള്ളത്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. 2016 മുതൽ 2020 വരെ 11 അസ്വഭാവിക മരണങ്ങളാണ് പുതുജീവനിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ നാലെണ്ണം തൂങ്ങിമരണമാണ്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് രണ്ടു മരണം. എ.ഡി.എം അനിൽ ഉമ്മൻ ഇന്ന് അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും.