കോട്ടയം: ഹരിപ്പാട്ട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹെഡ്മിസ്ട്രസിനെ തെരുവുനായ കടിച്ചുകൊന്നു! ഇന്നലെ വാർത്ത കേട്ട് എല്ലാവരും ഞെട്ടുമ്പോൾ ഹരിപ്പാട് നിന്ന് കോട്ടയത്തേയ്ക്ക് അധികദൂരമില്ലെന്ന് മാതം വിചാരിച്ചാൽ മതി. കാരണം, ഈ വർഷം രണ്ട് മാസത്തിനിടെ രണ്ടായിരത്തോളം പേരെ ജില്ലയിൽ തെരുവുനായ കടിച്ചു പരിക്കേൽപിച്ചു. ആരും മരിച്ചിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം

ജില്ലയിലെ തെരുവുനായ നിയന്ത്രണം പാളിയെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യ വിഭാഗത്തിൽ നിന്ന് ലഭിക്കുന്നത്. ദിവസവും ശരാശരി 32പേർക്കെങ്കിലും കടികിട്ടുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 1342 പേരെയാണ് തെരുവുനായ കടിച്ചതെങ്കിൽ ഈ വർഷം രണ്ട് മാസത്തിനുള്ളിൽ 1913 പേരെയാണ് കടിച്ചത്. പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ കടികിട്ടുന്നവരുടെ കൂട്ടത്തിലുണ്ട്. സ്കൂൾ വിദ്യാർത്ഥികളെ തെരുവുനായ ഓടിക്കുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. കഴിഞ്ഞ വർഷം വേനൽക്കാലത്താണ് കൂടുതൽ പേർ ആക്രമണത്തിന് ഇരയായത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 2485 പേർക്ക് കടിയേറ്റു.

 എ.ബി.സി പദ്ധതി പാളി

തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ജില്ലയിൽ പാളി. തദ്ദേശ സ്ഥാപനങ്ങളാണ് തെരുവു നായ്ക്കളെ നിയന്ത്രിക്കേണ്ടതെങ്കിലും കുടുംബശ്രീക്കായിരുന്നു എ.ബി.സി പദ്ധതിയുടെ നടത്തിപ്പു ചുമതല. മാലിന്യ സംസ്‌കരണം ശരിയായി നടക്കാത്തതാണ് തെരുവു നായ നിയന്ത്രണം സാദ്ധ്യമാകാത്തതിന് പ്രധാന കാരണം. തെരുവിൽ വലിച്ചെറിയുന്ന ആഹാര സാധനങ്ങൾ തിന്ന് കൊഴുത്ത് നടക്കുന്ന നായ്ക്കൾ യാത്രക്കാരെ ആക്രമിക്കുകയാണ്.

കടിയേറ്റവർ

2019: 8458

ഈ വർഷം:

1913 പേർക്ക്

'' കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. പേവിഷം ബാധിച്ചാൽ ചികിത്സയില്ല. ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും സൗജന്യ വാക്‌സിനേഷൻ ലഭിക്കും. സീറം കുത്തിവയ്പ്പുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലഭിക്കും''

ഡോ.ജേക്കബ് വറുഗീസ്‌, ഡി.എം.ഒ