കോട്ടയം: കുട്ടനാട് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാതെ തങ്ങൾ മത്സരിക്കുമെന്ന നിലപാടിൽ നിന്ന് കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ അയയുന്നു.
സീറ്റ് കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതെന്ന് ആദ്യം യു.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചാൽ കുട്ടനാട്ടിൽ നീക്കുപോക്ക് ഉണ്ടാക്കുന്നത് പാർട്ടിയിൽ ചർച്ച ചെയ്യാമെന്ന നിലപാടിലാണ് പി.ജെ.ജോസഫ്. ഇക്കാര്യത്തിൽ അനുനയത്തിനായി മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ച നടത്തും. കുട്ടനാട് കിട്ടുന്നില്ലെങ്കിൽ പകരം ഒരു നിയമസഭാ സീറ്റെന്ന നിലപാടിൽ ജോസ് വിഭാഗം എത്തിയിട്ടുണ്ട്.
പി.ടി. ചാക്കോ പുരസ്കാരം കുട്ടിയമ്മയ്ക്ക് നൽകാനായി മാണിയുടെ പാലായിലെ വീട്ടിൽ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി ചെന്നിരുന്നു. സീറ്റ് പ്രശ്നം സംസാരിച്ചുവെങ്കിലും ജോസ് വഴങ്ങിയില്ല. ഇതിന് ശേഷമാണ് കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും പൊതുസമ്മതൻ സ്ഥാനാർത്ഥിയാകട്ടെയെക്കും ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത്.
ജോസ് കെ. മാണിയുമായി യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്‌നാനും പി .കെ കുഞ്ഞാലിക്കുട്ടിയും ഡൽഹിയിൽ അനൗദ്യോഗിക ചർച്ച നടത്തിയെങ്കിലും നിലപാട് മാറ്റമുണ്ടായില്ല. എന്നാൽ ഒരു നിയമസഭാ സീറ്റ് അധികമായി ലഭിച്ചാൽ വഴങ്ങാമെന്ന നിലപാടിലേക്ക് ഇപ്പോൾ മാറിയിട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ യു.ഡി.എഫ് നേതാക്കൾ ഉറപ്പു നൽകിയിട്ടില്ല .ഇടതു മുന്നണിയിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാൻ ഇരു വിഭാഗവും വിട്ടുവീഴ്ചയ്‌ക്കോ സമവായത്തിനോ തയാറാകുമെന്ന പ്രതീക്ഷയിൽ ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി യു.ഡി.എഫ് നേതാക്കൾ വീണ്ടും ചർച്ച നടത്തും.
കേരളകോൺഗ്രസ് നേതൃത്വ തർക്കത്തിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ തീരുമാനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജോസ്, ജോസഫ് വിഭാഗങ്ങൾ. ഇത് ഒരു വിഭാഗത്തിന് അനുകൂലമായാൽ ഒത്തുതീർപ്പു നീക്കങ്ങൾ തകിടം മറിയും. ജോണി നെല്ലൂർ വിഭാഗത്തെ ലയിപ്പിക്കുന്നതിന് പിറകേ മറ്റു വിഭാഗം നേതാക്കളുമായി ചർച്ച നടത്തിവരുന്ന ജോസഫാകട്ടെ ജോസിലും കൂടുതൽ ശക്തി സമാഹരിക്കാനുള്ള കളികളാണ് നടത്തിവരുന്നത് .