പാലാ: കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഭംഗിയാർന്ന ബഹുവർണ സ്ഥലനാമ ബോർഡുകൾ സമ്മാനിച്ച് സൗഹൃദ കൂട്ടായ്മ. യാത്രാ സ്ഥലങ്ങൾ വ്യക്തമായി വായിക്കാനാകും വിധമാണ് റൂട്ട് ബോർഡുകൾ തയ്യാറാക്കിയിരിക്കുന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടുന്ന സൗഹൃദകൂട്ടായ്മയായ 'കെ.എസ്.ആർ.ടി.സി ഫാൻസ് പാലാ ഗ്രൂപ്പാണ്" ഈ മനോഹര ബോർഡുകൾ തയ്യാറാക്കി നൽകുന്നത്. കൂട്ടായ്മയിലുള്ളവർ ബോർഡുകൾ സ്‌പോൺസർ ചെയ്യുന്നു. പാലാ വഴി കടന്നു പോകുന്ന മറ്റ് ഡിപ്പോകളുടെ ബസുകൾക്കും ഇത്തരം ബോർഡുകൾ നൽകാൻ ആലോചനയുണ്ട്. ദീർഘദൂര ബസുകളുടെ മുൻ ഗ്ലാസുകളിലും പിന്നിലും റൂട്ടുകൾ വിശദമാക്കുന്ന കളർ സ്റ്റിക്കറുകൾ ഈ കൂട്ടായ്മ പതിപ്പിച്ചിരുന്നു. പാലാ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നതും ഇതുവഴി കടന്നു പോകുന്നതുമായ എല്ലാ ബസുകളുടെയും സമയവിവരങ്ങളും ഓരോ സ്ഥലത്തും എത്തിച്ചേരുന്ന സമയവും വ്യക്തമാക്കുന്ന ടൈം ടേബിൾ പ്രസിദ്ധീകരിക്കാനുള്ള നടപടിയും പുരോഗമിക്കുന്നു. റിസർവേഷൻ നില, സീറ്റുകളുടെ ലഭ്യത, ഓരോ ബസും എവിടെ എത്തി എന്നീ വിവരങ്ങളെല്ലാം ഈ കൂട്ടായ്മ യാത്രക്കാരുമായി നിരന്തരം പങ്കുവയ്ക്കുന്നു. ഏതെങ്കിലും ദീർഘദൂര ബസ് വഴിയിൽ തടസപ്പെട്ടാൽ അധികൃതർ അറിയും മുമ്പേ ഈ കൂട്ടായ്മ അറിയുകയും വിവരങ്ങളും മറ്റ് യാത്ര സൗകര്യങ്ങളും അറിയിക്കുകയും ചെയ്യുന്നുണ്ട്. പുതുമയുള്ള നെയിംബോർഡ് സ്ഥാപിക്കലിലൂടെ പാലാ കെ.എസ്.ആർ.ടി.സി ഫാൻസ് ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.