പൊൻകുന്നം: ചിറക്കടവ് കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ പല മേഖലകളിലും ജലക്ഷാമം രൂക്ഷമാകുന്നു. വാട്ടർ അതോറിട്ടിയുടെ പൈപ്പ് കണക്ഷൻ എല്ലായിടത്തും എത്തുന്നില്ല. എത്തുന്നിടത്ത് കൃത്യമായി വെള്ളം കിട്ടുന്നുമില്ല. കരിമ്പുകയം കുടിവെള്ള പദ്ധതിയിലൂടെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, എലിക്കുളം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പൂർണ്ണമായും പരിഹരിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. ഇപ്പോൾ ഒന്നാം ഘട്ടം പൂർത്തിയായെന്നും ചിറക്കടവ് കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കിയെന്നുമാണ് പറയുന്നത്. ഈ രണ്ടു പഞ്ചായത്തുകളിലും ചില റൂട്ടുകളിലൂടെ മാത്രമാണ് പൈപ്പ്‌ലൈൻ കടന്നുപോകുന്നത്.ഇവിടെത്തന്നെ എല്ലാ വീടുകൾക്കും കണക്ഷൻ ലഭിച്ചിട്ടില്ല. പൈപ്പ് കണക്ഷൻ കിട്ടാൻവേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്. ലൈൻ ഉള്ള വഴികളിൽ കൃത്യമായി വെള്ളം എത്തിക്കുന്നതിനും അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് പുതിയ കണക്ഷൻ നൽകുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൈപ്പുകൾ പൊട്ടിത്തകർന്നു
വെള്ളം വരുന്ന പ്രധാന പൈപ്പുകളെല്ലാം പൊട്ടിത്തകർന്നു. പമ്പിംഗ് തുടങ്ങിയാൽ പൈപ്പ് കടന്നുപോകുന്ന വഴികളിലെല്ലാം ജലധാരയാണ്. വീടുകളിലെത്തുന്നതിനേക്കാൾ കൂടുതൽ വെള്ളമാണ് പാഴായിപ്പോകുന്നത്. അതുകൊണ്ടുതന്നെയാണ് അധികൃതർ പമ്പിംഗ് നടത്താത്തത്. മെയിൻ പൈപ്പ് പൊട്ടിയതിനാൽ പമ്പിംഗ് നടത്തിയാൽ വെള്ളം വെറുതെ പാഴായിപ്പോകുമെന്നാണ് അവരുടെ മറുപടി. പരാതിക്കാരെ ഭയന്നാണ് വല്ലപ്പോഴുമെങ്കിലും വെള്ളം പമ്പുചെയ്യുന്നത്. 250 എംഎം പിവിസി പൈപ്പുകൾ 4 അടി താഴ്ചയിലാണ് റോഡിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത്. പമ്പ് ഹൗസിലേക്ക് മണിമലയാറ്റിൽ നിന്നും വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിക്കൊണ്ടിരിക്കുന്നത്. ഇത് മാറ്റണമെങ്കിൽ പുതിയ പദ്ധതിതന്നെ വരണമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്.
കുടിവെള്ളത്തിന് പൊന്നുംവില
വെള്ളം വിലയ്ക്കുവാങ്ങുന്നവർക്ക് ഇരുട്ടടിയായി ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ വിലയും വർദ്ധിപ്പിച്ചു.ഒറ്റയടിക്ക് 50 ശതമാനംവരെയാണ് വില വർദ്ധിപ്പിച്ചത്.