കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച വനിതകളുടെ കലാ, കായികമേളകൾ സദസിന് വിരുന്നായി. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ഇന്നലെ നടന്ന പല മത്സരങ്ങളിലും മധ്യവയസു പിന്നിട്ടവരുടെ പങ്കാളിത്തം ശ്രദ്ധേയമായി.

തിരുവാതിര, നാടൻപാട്ട്, പ്രശ്‌നോത്തരി, പോസ്റ്റർ രചന, പ്രസംഗം എന്നീയിനങ്ങളിലായിരുന്നു മത്സരങ്ങൾ. സ്ത്രീ സുരക്ഷയായിരുന്നു പ്രസംഗത്തിന്റെ വിഷയം. അനുകാലിക സാഹചര്യങ്ങളും സ്വന്തം അനുഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് മത്സരാർത്ഥികൾ സംസാരിച്ചത്. ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് കലാമേള സംഘടിപ്പിച്ചത്.

നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന കായിക മേളയിലും സ്ത്രീകളുടെ സജീവ പങ്കാളിത്തമുണ്ടായി. ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയിച്ചവരാണ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തത്. ഇതിനു പുറമെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ചുവർ ചിത്രരചനാ മത്സരങ്ങളും നടത്തിവരികയാണെന്ന് വനിതാശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ പി.എൻ. ശ്രീദേവി പറഞ്ഞു.