കോട്ടയം: ഭാരത് ആശുപത്രിയുടെ മുറ്റത്ത് നിന്ന് ഗൈനക്കോളജിസ്റ്റിന്റെ കാർ അടിച്ചുമാറ്റിയ സംഘത്തെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കേസിൽ അറസ്റ്റിലായ മാങ്ങാനം മനയ്ക്കൽ ആഷിക് ആന്റണി (32), ഭാര്യ സുമി (26), പുതുപ്പള്ളി മാങ്ങാനം കല്ലശേരി മേടം പ്രവീൺ പുരുഷോത്തമൻ (32), മാങ്ങാനം നിലപ്പുറത്ത് സുമേഷ് രവീന്ദ്രൻ (28) എന്നിവരിൽ ആഷിക്ക് മാത്രമാണ് മോഷണത്തിൽ പരിചയമുള്ളതെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ അടക്കം പ്രതിയാണ് ആഷിക്. വിവാഹത്തോടെയാണ് ആഷിക്കും സുമിയും മാങ്ങാനത്തേയ്ക്ക് താമസം മാറിയത്. സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെയാണ് കാർ മോഷ്ടിക്കാൻ ആഷിക്ക് പദ്ധതി തയ്യാറാക്കിയത്.
രണ്ടു ദിവസം നഗരമദ്ധ്യത്തിൽ നിന്ന് മോഷ്ടിച്ച ബൈക്കിന്റെ ടയർ ഊരി വിറ്റ് പണം കണ്ടെത്തി. ബൈക്ക് പൊളിച്ചു വിൽക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും, ഉദ്ദേശിക്കുന്ന പണം ലഭിക്കില്ലെന്നു കണ്ടെത്തിയതോടെയാണ് വലിയ മോഷണത്തിന് തയ്യാറായത്.