കോട്ടയം: വേനൽച്ചൂടിൽ ഉരുകിയൊലിക്കുകയാണ് ജനങ്ങൾ. എന്നാൽ അതിലും കനത്ത പരീക്ഷാച്ചൂടിലാണ് കുട്ടികൾ. പത്താം തീയതി എസ്.എസ്.എൽ.സി, പ്ലസ് ടു എഴുത്തുപരീക്ഷകൾ തുടങ്ങുകയാണ്. പതിവിന് വിപരീതമായി പ്ളസ് ടു പരീക്ഷയും ഇക്കുറി രാവിലെയാണ്.
അനിയന്ത്രിതമായ ചൂടായതിനാലാണ് രണ്ട് പരീക്ഷയും ഒരേ സമയം നടത്തുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. എസ്.എസ്.എൽ.സി ചോദ്യപ്പേപ്പറുകൾ ട്രഷറിയിലും പ്ളസ് ടു ചോദ്യപ്പേപ്പറുകൾ അതത് സ്കൂളുകളിലുമാണ് സൂക്ഷിക്കുന്നത്. സി.സി.ടി.വിയുടെ സുരക്ഷിതത്വത്തിലാണ് പേപ്പറുകൾ സൂക്ഷിക്കുക. അതേസമയം പരീക്ഷയെക്കുറിച്ച് ഓർത്ത് ടെൻഷനടിക്കരുതെന്ന നിർദേശവുമായി സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും രംഗത്തുണ്ട്.
എഴുതുന്നവർ
10ാം ക്ളാസ്: 19902
പ്ളസ് ടു: 23194
വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടവ
കണക്കുകൾ ചെയ്തു പഠിക്കുക, കവിതകൾ ചൊല്ലിപ്പഠിക്കുക. ഭൂപടങ്ങൾ വരച്ചു പഠിക്കുക, ഭാഷ എഴുതി പഠിക്കുക.
സിദ്ധാന്തങ്ങൾ പഠിക്കുമ്പോൾ അതിന്റെ പ്രായോഗികതലം കൂടി ഉൾക്കൊള്ളാൻ ശ്രമിക്കുക.
സൂത്രവാക്യങ്ങളും സമവാക്യങ്ങളും കാണാതെ പഠിക്കുക, ഇടയ്ക്കിടെ ആവർത്തിക്കുക.
അനാവശ്യമായ ടെൻഷൻ മാറ്റിവയ്ക്കുക, പഠിച്ചത് ഓർത്തിരിക്കുമെന്നു മനസ്സിനെ വിശ്വസിപ്പിക്കുക.
ക്ഷീണം, ഉറക്കം എന്നിവ തോന്നുമ്പോൾ പഠനം മാറ്റിവച്ച് ഉത്സാഹമുണ്ടാക്കുന്ന കാര്യങ്ങളിൽ മുഴുകുക.
നിഷേധചിന്തകൾ നീക്കിവയ്ക്കുക, പരീക്ഷത്തലേന്ന് നന്നായി ഉറങ്ങുക, നല്ല ഭക്ഷണം കഴിക്കുക.
സ്വന്തം എഴുത്തിന്റെ വേഗത്തെക്കുറിച്ചു നല്ല ബോധ്യത്തോടെ വേണം പരീക്ഷയെഴുതാൻ.
ഉത്തരങ്ങൾ മുൻകൂട്ടി എഴുതിനോക്കി കൈയടക്കം വരുത്തുക.
പരീക്ഷാദിവസങ്ങൾക്കിടയിൽ ഇടവേളകളുണ്ടോ എന്നു നേരത്തെ മനസിലാക്കുക.
പ്രധാന പോയിന്റുകൾ അടിവരയിട്ട് എഴുതുക, അനാവശ്യ ടെൻഷൻ ഒഴിവാക്കുക.