പാലാ : ഹയർ സെക്കൻഡറി ചോദ്യപേപ്പറുകൾ ട്രഷറിയിൽ സൂക്ഷിച്ച് പരീക്ഷാ ദിവസങ്ങളിൽ അതത് കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എയ്ഡഡ് സ്‌കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ പാലാ വിദ്യാഭ്യാസ ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി പരീക്ഷ നൈറ്റ് വാച്ച്മാൻ ഡ്യൂട്ടിയിൽ ഹൈസ്‌കൂൾ വിഭാഗം ക്ലാസ് ഫോർ ജീവനക്കാരെ ഉൾപ്പെടെ നിയോഗിക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹൈസ്‌ക്കൂൾ പാറ്റേൺ പ്രകാരം സ്ത്രീകൾ ഉൾപ്പെടെയുള്ള അനദ്ധ്യാപകരെ കൊണ്ട് ഹയർ സെക്കൻഡറി ചോദ്യപേപ്പറുകൾക്ക് വേണ്ടി രാത്രികാലങ്ങളിൽ ഡ്യൂട്ടി ചെയ്യിക്കാനുള്ള നടപടി പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് സജി മാനാംപുറം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സിനോയ് പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജോമോൻ മേപ്പുറത്ത്, വൈസ് പ്രസിഡന്റ് ബിജി മുത്തോലി, കമ്മിറ്റിയംഗങ്ങളായ സുരേഷ് ഇടനാട്, സിബി കൊഴുവനാൽ, സൻ കുറുമണ്ണ്, ബിജി ജോസഫ്, റോയി പ്ലാശനാൽ എന്നിവർ പ്രസംഗിച്ചു.