കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീ-യുവാക്കൾക്കായി വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ 105-ാമത് ബാച്ച് 7, 8 തീയതികളിൽ ചാന്നാനിക്കാട് എസ്.എൻ. പബ്ലിക് സ്കൂളിൽ നടത്തും. ഏഴിന് രാവിലെ 8.30ന് രജിസ്ട്രേഷൻ. 9.30ന് സമ്മേളനം ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി ആമുഖപ്രസംഗം നടത്തും. യൂണിയൻ കൗൺസിലർ എസ്. ധനീഷ്‌കുമാർ സ്വാഗതവും വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശ് നന്ദിയും പറയും. 10.30 മുതൽ 12.30 വരെ 'മാതൃകാ ദമ്പതികൾ" എന്ന വിഷയത്തിൽ അനൂപ് വൈക്കം ക്ലാസെടുക്കും. ഉച്ചയ്ക്ക് 1.30 മുതൽ 5 വരെ 'സ്ത്രീ പുരുഷ ലൈംഗികത" എന്ന വിഷയത്തിൽ ഡോ. ശരത്ചന്ദ്രൻ ക്ലാസെടുക്കും. എട്ടിന് രാവിലെ 8.30 മുതൽ 10.30 വരെ 'ശ്രീനാരായണഗുരുവിന്റെ ദാമ്പത്യവീക്ഷണം" എന്ന വിഷയത്തിൽ ഷൈലജ രവീന്ദ്രൻ ക്ലാസെടുക്കും. 10.45 മുതൽ 1 വരെ 'സ്ത്രീ പുരുഷ മനശാസ്ത്രം" എന്ന വിഷയത്തിൽ വി.എം. ശശി ക്ലാസെടുക്കും. 2 മുതൽ 4 വരെ 'കുടുംബജീവിതത്തിലെ സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും കുടുംബ ബഡ്ജറ്റും" എന്ന വിഷയത്തിൽ രാജേഷ് പൊന്മല ക്ലാസെടുക്കും. 4ന് സർട്ടിഫിക്കറ്റ് വിതരണവും നടക്കുമെന്നും യൂണിയൻ സെക്രട്ടറി ആർ. രാജീവും കോ-ഓർഡിനേറ്റേഴ്സായ എസ്. ധനീഷ്‌കുമാർ, സാബു ഡി. ഇല്ലിക്കളം എന്നിവർ അറിയിച്ചു.