കോട്ടയം: നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മതൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 29ന് പുലർച്ചെ 12.45 ഓടെയാണ് കോട്ടയം ജനറൽ ആശുപത്രിയിലെ അമ്മതൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. അമ്മതൊട്ടിലിൽ അലാറം മുഴങ്ങിയതുകേട്ട് ഓടിയെത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ ജീവനക്കാർ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശിശുരോഗവിദഗ്ദ്ധൻ കുഞ്ഞിനെ പരിശോധിക്കുകയും ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ആശുപത്രിയിലെ സ്‌പെഷ്യൽ ന്യുബോൺ കെയർ യൂണിറ്റിലെ നഴ്‌സുമാരുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ആശുപത്രി അധികൃതരുടെ അനുമതിയോടെ കുഞ്ഞിനെ തോട്ടയ്ക്കാട് ശിശുഭവന് ഇന്നലെ ഉച്ചയോടെ കൈമാറി.