കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ പ്രതിക്ക് അധിക സുരക്ഷ നല്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ കോമ്പിറ്റന്റ് അതോറിട്ടി. പൊലീസ് സുരക്ഷക്ക് പുറമെ കൂടുതൽ സംവിധാനമൊരുക്കണമെന്നാണ് അതോറിട്ടി നേരത്തെ നിർദ്ദേശിച്ചിരുന്നത്. ഇരയായ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിൽ കാമറ സഹിതമുള്ള സുരക്ഷാസംവിധാനം ശക്തമാക്കണമെന്ന് നേരത്തെ നിർദ്ദേശം നല്കിയിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. ഇതോടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് അതോറിട്ടി കഴിഞ്ഞദിവസം വീണ്ടും കത്തയച്ചിട്ടുണ്ട്. കോമ്പിറ്റന്റ് അതോറിട്ടിയിൽ ജില്ലാ ജഡ്ജി ചെയർമാനും സർക്കാർ പ്രോസിക്യൂട്ടർ മെമ്പർ സെക്രട്ടറിയും ജില്ലാ പൊലീസ് മേധാവി അംഗവുമാണ്.