കോട്ടയം: ചങ്ങനാശേരി കോട്ടമുറി പുതുജീവൻ സൈക്യാട്രിക് കേന്ദ്രത്തിൽ ദുരൂഹ മരണങ്ങൾ തുടർകഥയായതോടെ രോഗികൾക്ക് നല്കിയ മരുന്നുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് റിപ്പോർട്ട്. എ.ഡി.എം അനിൽ ഉമ്മൻ ജില്ലാ കളക്ടർക്ക് നല്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. അളവിൽ കൂടുതൽ മരുന്ന് നല്കിയിട്ടുണ്ടോയെന്നും ഏതുതരം മരുന്നുകളാണ് രോഗികൾക്ക് നല്കിയതെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും ഇതിനായി ഡ്രഗ്സ് കൺട്രോളർ പരിശോധന നടത്തണമെന്നും എ.ഡി.എം നല്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ പി.കെ.സുധീർബാബു റിപ്പോർട്ടിന്മേൽ ഇന്നുതന്നെ നടപടിയെടുത്തേക്കും.
അതേ സമയം, പുതുജീവൻ സൈക്യാട്രിക് കേന്ദ്രം പ്രവർത്തിച്ചിരുന്നത് സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിട്ടിയുടെ അംഗീകാരമില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2021 വരെ പ്രവർത്തിക്കാൻ അതോറിട്ടി അംഗീകാരം നല്കിയിരുന്നു. എന്നാൽ സ്ഥാപനത്തെക്കുറിച്ച് പരാതി ഉയർന്നതോടെ 2019 ൽ ആശുപത്രിയുടെ അംഗീകാരം അതോറിട്ടി റദ്ദാക്കിയിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവച്ച് പഴയ അംഗീകാരത്തിന്റെ പകർപ്പ് പ്രദർശിപ്പിച്ച് ആശുപത്രി പ്രവർത്തിച്ചു വരികയായിരുന്നുവെന്നും എ.ഡി.എമ്മിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും മാലിന്യ സംസ്കരിക്കുന്നതിന് സംവിധാനമില്ലെന്നും മലിനജലം കെട്ടിക്കിടക്കുകയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
എട്ടു വർഷത്തിനിടയിൽ 33 പേർ മരിക്കാനിടയായ സാഹചര്യത്തിൽ ഹൈക്കോടതി ജില്ലാ കളക്ടറോട് ഇതിനകം റിപ്പോർട്ട് തേടിയിട്ടുണ്ട്. മാനസികാരോഗ്യ വിഷയം കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് സതീഷ് നൈനാന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, സൈക്യാട്രിക് ആശുപത്രി ഡയറക്ടർ വി.സി.ജോസഫിന് തെളിവെടുപ്പിന് തിങ്കളാഴ്ച ഹാജരാകാൻ പായിപ്പാട് പഞ്ചായത്ത് നോട്ടീസ് നല്കി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഈ നോട്ടീസ്. കെട്ടിട നിർമ്മാണം ക്രമവൽക്കരണം സംബന്ധിച്ച് ജോസഫിന്റെ വാദം കേൾക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ശുചിത്വമില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശുചിത്വ സർട്ടിഫിക്കറ്റ് കഴിഞ്ഞദിവസം പായിപ്പാട് പഞ്ചായത്ത് റദ്ദാക്കിയിരുന്നു. ഇതിനിടെ, ഇന്നലെ പരിസരം വൃത്തിയാക്കാൻ ടാങ്കുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. താത്ക്കാലികമായി മാലിന്യ സംസ്കാരണ സംവിധാനം ഒരുക്കുന്നതിനുള്ള നീക്കമാണെന്ന് ആരോപിച്ചാണ് നാട്ടുകാർ തടഞ്ഞത്.
മനോരോഗിയുടെ സംരക്ഷണം ഏറ്റെടുക്കണമെങ്കിൽ പുതുജീവൻ ട്രസ്റ്റിന് ലക്ഷങ്ങൾ നല്കണം. ആദ്യം പണം കൊടുത്ത് പ്രവേശനം നേടിയാലും വീണ്ടും വീണ്ടും പണം ആവശ്യപ്പെടാറുണ്ടെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 14ന് മരിച്ച ഞീഴൂർ സ്വദേശി കുര്യാക്കോസ് ജോസഫിന്റെ (37) സഹോദരി യോട് പണം ആവശ്യപ്പെട്ടുവെങ്കിലും നല്കാൻ കഴിഞ്ഞില്ല. തുടർന്ന് സഹോദരിയെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ഭൂമി വിറ്റ് പണം നല്കാൻ ആവശ്യപ്പെട്ടുവെന്ന് സഹോദരി രഞ്ജിതയും ഭർത്താവ് ദിലീപും പറയുന്നു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുര്യാക്കോസ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ കൂടുതൽ അളവിൽ മരുന്ന് നല്കിയതാണോയെന്ന സംശയത്തിലാണ് ബന്ധുക്കൾ.