കോട്ടയം: ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സ്വന്തം ഭൂമിയെന്ന സ്വപ്നത്തിന് തടയിട്ട് രജിസ്‌ട്രേഷൻ ചെലവ്. മൂന്നാം ഘട്ടത്തിൽ ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി ഭൂമി വാങ്ങാൻ പണം അനുവദിക്കുന്നുണ്ടെങ്കിലും രജിസ്‌ട്രേഷൻ ചെലവ് വഹിക്കണം. അതേസമയം സ്വന്തം പണം ഉപയോഗിച്ച് ഭൂമി വാങ്ങുന്നവരെ സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
നിലവിലുള്ള നിരക്ക് അനുസരിച്ച് 20000 രൂപയെങ്കിലും രജിസ്‌ട്രേഷന് ചെലവാകും. പുറമ്പോക്കിലെ കുടിലുകളിലും വാടക വീടുകളിലും കഴിയുന്നവർക്ക് ഇത്രയും പണം കണ്ടെത്തുക എളുപ്പമല്ല. രജിസ്‌ട്രേഷനുള്ള പണം ഇല്ലാത്തതിനാൽ ഭൂമി കണ്ടെത്തിയിട്ടും വാങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. ഒരു കുടുംബം 3 സെന്റ് ഭൂമിയാണ് വാങ്ങേണ്ടത്. ഭൂമി വില അനുസരിച്ച് പരമാവധി 2 ലക്ഷം രൂപയാണ് നൽകുന്നത്. ഗുണഭോക്താവ് തന്നെയാണ് ഇഷ്ടപ്പെട്ട ഭൂമി കണ്ടെത്തേണ്ടത്. സ്റ്റാംപ് ഡ്യൂട്ടി 8 ശതമാനവും രജിസ്‌ട്രേഷൻ ഫീസ് 2 ശതമാനവുമാണ്. അതനുസരിച്ച് 2 ലക്ഷം രൂപയുടെ ഭൂമി പേരിലേയ്ക്ക് മാറ്റാൻ ഗുണഭോക്താവിന് 20,000 രൂപ രജിസ്‌ട്രേഷനും ശരാശരി 4000 രൂപ ആധാരം എഴുത്തുകൂലിയിനത്തിലും ചെലവാകും.
മൂന്നാം ഘട്ടത്തിൽ 6968 പേർ
മൂന്നാം ഘട്ടത്തിൽ അർഹരായി 6,968 പേരുണ്ട്. ഇവരിൽ വൈക്കം, തലയോലപ്പറമ്പ്, അകലക്കുന്നം, വിജയപുരം പഞ്ചായത്തുകളിൽ ഫ്ളാറ്റ് സമുച്ചയങ്ങൾക്ക് അംഗീകാരമായി. വീടിനായി 350 പേർ ഭൂമി വാങ്ങിച്ചു. ഇതിൽ നൂറോളം പേർക്ക് തദ്ദേശ സ്ഥാപനങ്ങളാണ് പണം നൽകിയത്. ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേരും രജിസ്ട്രേഷന് പണമില്ലാതെ നിൽക്കുന്നവരാണ്.
'' നിലവിലെ നിർദേശം അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ വഴി ഭൂമി നൽകുമ്പോൾ രജിസ്ട്രേഷൻ ചെലവ് ഗുണഭോക്താവ് വഹിക്കണം. കുടുംബങ്ങൾ സ്വന്തമായി വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ ചെലവ് സർക്കാർ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എല്ലാ വിഭാഗങ്ങൾക്കും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്''
സി.എൻ.സുഭാഷ്, ജില്ലാ കോ-ഓർഡിനേറ്റർ