ചങ്ങനാശേരി: വേനൽചൂടിൽ ക്ഷീരമേഖലയും ക്ഷീണത്തിലാണ്. പാൽ ഉത്പാദനത്തിൽ ഇടിവ് ഉണ്ടായതിന് പിന്നാലെ കാലിത്തീറ്റ, വൈക്കോൽ എന്നിവയുടെ വിലവർദ്ധനയും ഈ മേഖലയിലെ കർഷകരെ പിന്നോട്ടടിക്കുകയാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും വെല്ലുവിളിയാണ്. 2019ൽ കാലിത്തീറ്റക്ക് 1030 രൂപയും ഒരു കെട്ട് വൈക്കോലിന് 8 രൂപയുമായിരുന്നു വില. ഇന്ന് 1450 രൂപയാണ് ഒരുചാക്ക് കാലിത്തീറ്റക്ക് നൽകേണ്ടത്. വൈക്കോലിന് 11 രൂപയും നൽകണം. മുൻവർഷത്തെക്കാൾ വൈക്കോലിന് മൂന്നുരൂപ കിലോയ്ക്ക് വർദ്ധിച്ചു. 20 ലിറ്റർ പാൽ ലഭിക്കുന്ന പശുവിനെ സംരക്ഷിക്കാൻ ഒരുദിവസം 270 രൂപ ക്ഷീരകർഷകന് ചിലവ് വരും.ഇരുപത് ലിറ്റർ പാൽ നൽകുന്ന പശുവിന് 10 കിലോ കാലിത്തീറ്റ ഒരു ദിവസം നൽകേണ്ടിവരും. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് പത്ത് ലിറ്റർ പാൽ ദിവസം നൽകിക്കൊണ്ടിരിക്കുന്ന പശുവിൽനിന്ന് കർഷകന് ഇപ്പോൾ ഏഴ് ലിറ്റർ മാത്രമാണ് ലഭിക്കുന്നത്. പാലിന്റെ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ കാലിത്തീറ്റ, പച്ചപ്പുല്ല്, വൈക്കോൽ വില വർദ്ധന കർഷകന് താങ്ങാവുന്നതിന് അപ്പുറമാണ്.

വലഞ്ഞ് വലഞ്ഞ്...

അസംസ്‌കൃതവസ്തുക്കളുടെ വിലകുറഞ്ഞിട്ടും കാലിത്തീറ്റ വില കുറയാത്തതാണ് ക്ഷീരകർഷകരെ വലയ്ക്കുന്നത്. അസംസ്‌കൃത വസ്തുവായ ചോളം, മെയ്‌സ് എന്നിവയുടെ വില 30ൽ നിന്ന് 20 ആയി കുറഞ്ഞു. പരുത്തിപ്പിണ്ണാക്ക് 40 രൂപയിൽ നിന്നും 28 രൂപയായി കുറഞ്ഞു. 50 രൂപയായിരുന്ന കടലപ്പിണ്ണാക്ക് 40 ആയിട്ടും കാലിത്തീറ്റ ഉത്പാദകർ വിലവർദ്ധിപ്പിക്കുകയാണ്. പുല്ല്, കാലിത്തീറ്റ സബ്‌സിഡി നിരക്കിൽ സർക്കാർ ക്ഷീരകർഷകന് നൽകിയാൽ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകു.

അതേസമയം,​ പച്ചപ്പുല്ല് അന്യംനിന്നുകൊണ്ടിരിക്കുകയാണ്. പച്ചപ്പുല്ലിന്റെ ദൗർലഭ്യം പാലിന്റെ ഉത്പാദനത്തിൽ താരതമ്യേന കുറവ് ഉണ്ടാക്കിയിട്ടുണ്ട്. പച്ചപ്പുല്ലിന് ക്ഷാമം ഏറിയതോടെ വൈക്കോൽ വാങ്ങിയാണ് ഭൂരിഭാഗം കർഷകരും പശുക്കൾക്ക് നൽകുന്നത്. മുൻപ് തരിശായി കിടന്നിരുന്ന പാടശേഖരങ്ങളിൽ നിന്ന് പച്ചപ്പുല്ല് വാഹനങ്ങളിൽ എത്തി ആവശ്യത്തിനനുസരിച്ച് ചെത്തികൊണ്ടുപോയിരുന്നു. ഇന്ന്, തരിശുപാടങ്ങളിൽ കൃഷിയിറക്കിയിരിക്കുന്നതിനാൽ ഇവിടെ നിന്ന് പുല്ല് കിട്ടാനില്ല. ചൂട് കൂടിയതിനാൽ ഇത്തരം തരിശുപാടങ്ങളിലെ പുല്ലുകൾ ഏറെയും കരിഞ്ഞുണങ്ങിയ നിലയിലാണ്. വേനൽ കടുത്തതിനാൽ തീറ്റപ്പുല്ല് കൃഷിയും താരതമ്യേന കുറവാണ്.

വൈക്കോലിനായി നെട്ടോട്ടം

കുട്ടനാട്ടിൽ നിന്നാണ് വൈക്കോൽ ഏറെയും വാങ്ങുന്നത്. ആവശ്യക്കാർ കൂടിയതോടെ വൈക്കോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് വീട്ടിലെത്തിച്ചു നൽകുന്നവരുമുണ്ട്. ഇതിന് പണം കൂടുതലാണ്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെത്തി വൈക്കോൽ വാങ്ങുകയാണ് ഭൂരിപക്ഷവും ചെയ്യുന്നത്. കുടിവെള്ളക്ഷാമവും പച്ചപ്പുല്ലും കുറഞ്ഞതോടെ പശുവിന്റെ മാത്രമല്ല, എരുമ, പോത്ത, ആട് എന്നിവയുടെ പരിപാലനവും കഷ്ടത്തിലായി. കറവയുള്ള പശുവിന് കുടിക്കാനും കൂട് വൃത്തിയാക്കാനുമായി കുറഞ്ഞത് നൂറ് ലിറ്ററോളം വെള്ളം വേണം. കച്ചിയും, കാലിത്തീറ്റയ്ക്കും പുറമെ വെള്ളവും വാങ്ങി പശുവിനെ പരിചരിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കർഷകർ.