തലയോലപ്പറമ്പ് : പ്രളയം കഴിഞ്ഞിട്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും ദുരിതാശ്വാസ തുകയായ 10,000 രൂപ പോലും ഇതുവരെ ലഭിച്ചില്ലെന്ന് വിധവയായ വീട്ടമ്മയുടെ പരാതി. മുളക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട തുരുത്തിപ്പള്ളിയിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭാമിനിയ്ക്കാണ് പ്രളയാനന്തരം സർക്കാർ നൽകിയ പ്രാഥമിക ധനസഹായം പോലും ലഭിക്കാതിരുന്നത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകി കാത്തിരിക്കുകയാണ് വീട്ടമ്മ. മൂവാറ്റുപുഴയാർ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വീടിനകം മുഴുവൻ വെള്ളം കയറിയതിനാൽ ഭാമിനിയും കുടുംബവും പെരുവ ഗവ. എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അന്ന് താമസിച്ചത്. ദിവസങ്ങളോളം വെള്ളം വീടിനുള്ളിൽ കെട്ടിനിന്നതിനെ തുടർന്ന് മണ്ണിരുന്ന് തറ പൊട്ടി വീട് ഒരുവശത്തേക്ക് ചരിഞ്ഞു. ഭിത്തികൾ വിണ്ടുകീറിയ സ്ഥിതിയിലുമാണ്. പ്രളയകാലത്ത് തയാറാക്കിയ സർവേ പ്രകാരം 60 മുതൽ 74 ശതമാനം വരെ കേടുപാടുകൾ സംഭവിച്ച വീടാണ് ഭവാനിയുടെതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ലിസ്റ്റിൽ ആറാം നമ്പർ ആയി വീട്ടമ്മയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ ഇവരുടെ അക്കൗണ്ടിൽ മാത്രം സർക്കാർ സഹായമായി ഒരുരൂപ പോലും നാളിതുവരെ എത്തിയിട്ടില്ല. പ്രളയം തകർത്ത വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്താതെ കഴിയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പ്രളയം കണ്ടു നിന്നവർക്കുപോലും ലക്ഷങ്ങളുടെ ആനുകൂല്യം ലഭിച്ചപ്പോൾ പ്രളയം ജീവിതം ദുരിതത്തിലാക്കിയ ഭാമിനിയെ പോലുള്ളവർ ഇപ്പോഴും അർഹതപ്പെട്ട സർക്കാർ സഹായം കിട്ടാനായി ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതകേടിലാണ്.