ചങ്ങനാശേരി: തുണ്ടിപ്പടി കൊണ്ടൂർപ്പടി ചക്രാത്തിക്കുന്ന് ഭാഗത്തെ കുടിവെള്ള ക്ഷാമം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. രണ്ടു മാസമായി പ്രദേശത്ത് കുടിവെള്ളമില്ലാഞ്ഞിട്ടും അധികൃതർ പ്രശ്നപരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ സ്ഥലനിവാസികൾ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്കിയിരുന്നു. 40 വർഷത്തിലധികമായി വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ മുഖേനയാണ് ഇവിടെ വെള്ളം ലഭിച്ചിരുന്നത്. പ്രദേശത്ത് കിണറുകളില്ലാത്തതിനാൽ പൈപ്പ് ലൈൻ ആണ് ഏകആശ്രയം. ചെറുകരക്കുന്നിലുള്ള ഓവർഹെഡ്ടാങ്കിൽ നിന്നാണ് ഈ ഭാഗത്തേയ്ക്ക് കുടിവെള്ളമെത്തിക്കുന്നത്. വാൽവ് മുഖേന പൈപ്പ്‌ലൈനിലൂടെയാണ് വെള്ളം വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. പലഭാഗങ്ങളിലും വാൽവ് സ്ഥാപിച്ചിട്ടുണ്ട്.വാൽവുകൾ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്നുള്ളതിനെക്കുറിച്ച് കൃത്യമായി പ്രദേശവാസികൾക്കും അറിയില്ല. എന്നാൽ, ബാക്കി വാർഡുകളിൽ വെള്ളം കൃത്യമായി ലഭിക്കുമ്പോഴും ഈ നാട്ടുകാർക്ക് തൊണ്ട നനയ്കാൻ പോലും ഒരു തുള്ളി കിട്ടുന്നില്ല...!
പൈപ്പ് പൊട്ടുന്നത് പതിവ്; പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികൾ
തൃക്കൊടിത്താനം പഞ്ചായത്തിന്റെ പലമേഖലകളിൽ കുടിവെളളക്ഷാമം രൂക്ഷമാകുമ്പോഴും പലയിടത്തും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. വേനൽകാലത്ത് വാഹനങ്ങളിൽ കുടിവെള്ളമെത്തിച്ചിരുന്നു. ഇത്തവണ അതിന് നടപടിയില്ല. അടിയന്തിരമായി കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്കും ജലവിതരണവകുപ്പ് ഓഫീസിലേയ്ക്കും മാർച്ച് നടത്താനൊരുങ്ങുകയാണ് പ്രദേശവാസികൾ. കുടിവെള്ളം ലഭിക്കുന്നില്ലെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതർ, എം.എൽ എ, കളക്ടർ എന്നിവർക്ക് നാട്ടുകാർ പരാതി നല്കിയിട്ടുണ്ട്.
കഴിഞ്ഞ 40 കൊല്ലമായി പ്രദേശത്ത് സ്ഥിരതാമസമാണ്. വർഷങ്ങളായി വെള്ളം മുടങ്ങാതെ ലഭിച്ചുകൊണ്ടിരുന്ന സ്ഥലവുമാണ്. ഇത്രയും വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത്, പഞ്ചായത്ത് അധികാരകളെ വിവരം ധരിപ്പിച്ചപ്പോൾ ഇന്ന് ശരിയാക്കാം നാളെ ശരിയാക്കാം എന്നാണ് പറയുന്നത് -- ഗോവിന്ദൻകുട്ടി, പ്രദേശവാസി
പ്രദേശത്ത് -- 200-ഓളം വീടുകൾ
വെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതി
ലിറ്ററിന് ഈടാക്കുന്നത് -- 500 മുതൽ 1000 വരെ