കോട്ടയം: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് മൈതാനത്തു നിന്നും വാഹന മോഷണം പതിവാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒരു ബൈക്കും, ഓട്ടോറിക്ഷയും, കൂടാതെ ആറിലേറെ ഹെൽമറ്റുകളും മോഷണം പോയതോടെയാണ് പാർക്കിംഗ് മൈതാനത്തിനെതിരെ പരാതി ശക്‌തമായി. ഉപേക്ഷിക്കപ്പെട്ട ഏഴോളം ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങളിൽ പരാതി ഉയർന്നതോടെ പാർക്കിംഗ് മൈതാനത്തിന്റെ ഉത്തരവാദിത്വം ഉള്ള കുടുംബശ്രീയുടെ ഇടപെടലുകളും ചർച്ചയായി. റോഡിൽ പോലും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നു പോലും കുടുംബശ്രീയുടെ നേതൃത്വത്തിൽ പിരിവ് നടത്തുന്നുണ്ടെന്നും എന്നാൽ, ഈ തുകയ്‌ക്കു അനുസരിച്ചുള്ള സുരക്ഷ ഒരുക്കാൻ കുടുംബശ്രീ തയ്യാറാകുന്നില്ലെന്നുമാണ് ആക്ഷേപം. വാഹനം പാർക്ക് ചെയ്യുമ്പോൾ ഫീസ് ഈടാക്കുന്നവർ, വാഹനം എടുത്തുകൊണ്ടു പോകുന്നവർ ആരാണെന്നു നോക്കാറുപോലുമില്ലെന്നും ആരോപണമുണ്ട്. വിവിധ കേസുകളിൽപ്പെട്ടതും മോഷ്‌ടിക്കപ്പെട്ടതുമായ വാഹനങ്ങൾ ഇവിടെ ഉപേക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ വാഹനങ്ങൾ മാസങ്ങളോളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടാൽ പോലും കുടുംബശ്രീ അധികൃതർ വിവരം അറിയിക്കാറില്ലെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ പൊലീസും കുടുംബശ്രീ അധികൃതരും കർശന നടപടി സ്വീകരിക്കണമെന്നാണ് ഇവിടെ സ്ഥിരമായി എത്തുന്ന യാത്രക്കാർ ആവശ്യപ്പെടുന്നത്. പാർക്കിംഗ് പ്ലാസയുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ മൈതാനത്ത് നിലവിൽ സൗകര്യങ്ങളൊന്നുമില്ലാത്ത സാഹചര്യമാണ്.
പാർക്കിംഗ് പ്ലാസ അന്തിമ ഘട്ടത്തിൽ
റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള പാർക്കിംഗ് പ്ലാസയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മൂന്നു മാസം കൊണ്ടു നിർമ്മാണം തീരുമെന്നു പ്രഖ്യാപിച്ചിരുന്ന പാർക്കിംഗ് പ്ലാസയുടെ നിർമ്മാണമാണ് വൈകുന്നത്. പാർക്കിംഗ് പ്ലാസ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഒരു മാസം കൊണ്ടു തന്നെ നിർമ്മാണം പൂർത്തിയായേക്കും.