ഈരാറ്റുപേട്ട: ദിനംപ്രതി നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ സഞ്ചരിക്കുന്നതും പൂഞ്ഞാറിൽ നിന്നും മണിയംകുന്ന് വഴി പാതാംപുഴയിലേക്കും ചേന്നാട് ഭാഗത്തേക്കമുള്ള എളുപ്പമാർഗവുമായ പനച്ചിപ്പാറ കാവുംകടവ് പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ കരിങ്കൽ തൂണുകളുടെ ചുവടുഭാഗം കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലാണ്. തൂണുകളിലെ അടിക്കല്ലുകൾ അടർന്ന സ്ഥിതിയിലാണ്. 3 മീറ്റർ മാത്രം വീതിയുള്ള ഈ പാലത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് വൺവേ സംവിധാനത്തിലാണ്. ഒരു കരയിൽ വാഹനം കയറിയാൽ മറുകരയിൽ നിന്ന് വരുന്ന വാഹനങ്ങൾ സൈഡ് മാറ്റിയിട്ട് കൊടുക്കണം.
കാൽ നൂറ്റാണ്ട് മുമ്പ് വരെ ചങ്ങലയായിരുന്നു പാലത്തിന് സംരക്ഷണഭിത്തി ഒരുക്കിയിരുന്നത്. അതിന് ശേഷം ഇരുമ്പ് പട്ട ഉപയോഗിച്ചുള്ള വേലികൾ നിർമ്മിച്ചെങ്കിലും അതും തകർന്നു.