കോട്ടയം: ഡ്രൈവറുടെ കാഴ്‌ച മറയ്‌ക്കുന്ന രീതിയിൽ മുന്നിലെ ചില്ലിൽ ചിത്രങ്ങളും സ്ഥലപ്പേരുകളും ഒട്ടിച്ചിരുന്ന 16 സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സ്റ്റിക്കറുകൾ ഇളക്കി മാറ്റുകയും പിഴ ഈടാക്കുകയും ചെയ്‌തു. സ്വകാര്യ ബസ് ഉടമകൾ രണ്ടു ദിവസം സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് പരിശോധന താത്കാലികമായി നിർത്തിവച്ചു.
ഇന്നലെ രാവിലെ മുതലാണ് എൻഫോഴ്‌സ്‌മെന്റ് ആ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം നാഗമ്പടം ബസ് സ്റ്റാൻഡിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. ഡ്രൈവറുടെ കാഴ്‌ച മറയ്‌ക്കുന്ന രീതിയിൽ മുന്നിലെ ചില്ലിൽ ചിത്രപ്പണികളും ദൈവങ്ങളുടെ ചിത്രങ്ങളും മാലകളും സ്ഥലപ്പേരുകളും ഉണ്ടായിരുന്ന ബസുകളാണ് പിടികൂടിയത്. ഇതെല്ലാം ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. ഹൈക്കോടതി വിധിയെത്തുടർന്നാണ് പരിശോധനയെന്ന് അവർ പറഞ്ഞു.