പാലാ : പാലാ-തൊടുപുഴ ഹൈവേയിൽ കാർമ്മൽ ആശുപത്രി റോഡിന് എതിർവശത്തെ കലുങ്കിനുസമീപം 75 വയസ് തോന്നിക്കുന്ന വൃദ്ധയുടെ മൃതശരീരം കണ്ടെത്തി. കുറ്റിക്കാട്ടിലെ ചെടികൾ ഒടിഞ്ഞുകിടക്കുന്നത് കണ്ട് സമീപവാസികൾ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൃദ്ധയെ തിരിച്ചറിഞ്ഞിട്ടില്ല. പുറമെ പരുക്കുകളില്ലെന്നും മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമില്ലെന്നും സ്വാഭാവിക മരണമാണെന്നാണ് സൂചനയെന്നും പൊലീസ് പറഞ്ഞു. സമീപ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.