പൊന്‍കുന്നം: ഉരുളികുന്നത്ത് വൃദ്ധയുടെ മാലപൊട്ടിച്ച് കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ ഒരാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. ചോദ്യം ചെയ്തപ്പോൾ പൊലീസുകാർ ഞെട്ടി. പിടിയിലായത് വൃദ്ധയുടെ കൊച്ചുമകന്‍ !. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പില്‍ സച്ചിന്‍സാബു (23)വാണ് പിടിയിലായത്. വീട്ടിൽ കടന്ന് മാല പൊട്ടിച്ച സച്ചിന്റെ സുഹൃത്ത് രാമപുരം സ്വദേശി വിഷ്ണു ഒാടി രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ 9.30-ന് കുരുവിക്കൂട്-കുറ്റിപ്പൂവം റോഡിലുള്ള ഈരയില്‍ വീട്ടിൽ നിന്നാണ് എഴുപതുവയസ്സിലേറെ പ്രായമുള്ള മേരിയുടെ കഴുത്തിൽ നിന്ന് മൂന്നുപവന്റെ സ്വര്‍ണമാല വിഷ്ണു പൊട്ടിച്ചെടുത്തത്. വീടിനടുത്ത് കാര്‍ നിര്‍ത്തിയതിനു ശേഷം ഇറങ്ങിചെന്ന ഇയാൾ , ടി.വി.നന്നാക്കുന്നതിനെത്തിയതാണെന്ന് പരിചയപ്പെടുത്തുകയും മേരിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുത്ത് കാറിലേക്കോടിക്കയറുകയുമായിരുന്നു. ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എങ്കിലും നമ്പര്‍ പൊലീസിന് കൈമാറി. പിന്നീട് തെരച്ചിലിനിടെ കുറവിലങ്ങാട് സ്റ്റേഷന്റെ പരിധിയില്‍ കാര്‍ കണ്ടെത്തി. ഇതോടെ പൊലീസ് പിന്നാലെ പാഞ്ഞു. ഇതിനിടെ വാടകയ്ക്ക് നല്‍കിയ കാര്‍ തിരികെ കിട്ടിയില്ലെന്ന് കാട്ടി ഉടമ കുര്യനാട് സ്വദേശി പൊലീസിൽ പരാതി നൽകിയിരുന്നു.

അമിതവേഗത്തിലോടിയ കാര്‍ കുറുപ്പന്തറ റെയില്‍വേ ക്രോസില്‍ വച്ചാണ് തടഞ്ഞ് സച്ചിനെ കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന വിഷ്ണു ഓടി രക്ഷപ്പെട്ടു. മാല കോട്ടയത്തെ ഒരു ജുവലറിയില്‍ വിറ്റതായാണ് സൂചന. ഇതിന് സഹായിച്ചുവെന്ന് കരുതുന്ന സച്ചിന്റെ ഭാര്യ അഖിലയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.