kaoitholsavam
ചിത്രം.അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുംകൊയ്ത്തുത്സവത്തില്‍.

അടിമാലി: കൊയ്ത്തുത്സവം ആവേശമാക്കി അടിമാലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. ആനവിരട്ടിയിലെ രണ്ടരയേക്കർ പാടത്താണ് അടിമാലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ നവംബർ 25ന് ഞാറ് നട്ടത്. കൃഷിയിറക്കാൻ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആനവിരട്ടി പാടശേഖര സമതിയുടെയും പൂർണ പിന്തുണ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലഭിച്ചു. ഒത്തൊരുമയോടെ മണ്ണിൽ വിത്തെറിഞ്ഞതോടെ വിളവ് നൂറ് മേനി ലഭിച്ചു. പാടം കതിരണിഞ്ഞതോടെ കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ആഘോഷമാക്കി. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ പാഠം ഒന്ന് പാഠത്തേക്ക് പദ്ധതിക്ക് പിന്തുണ നൽകാൻ ലക്ഷ്യമിട്ടായിരുന്നു വിദ്യാർത്ഥികൾ തരിശായി കിടന്നിരുന്ന പാടത്ത് വിത്തെറിയാൻ തീരുമാനിച്ചത്. കൊയ്‌തെടുത്ത നെല്ല് അരിയാക്കി വിപണിയിൽ എത്തിക്കുകയാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ലക്ഷ്യം. തൊട്ടടുത്ത ദിവസം പാടത്ത് ബൃഹത്തായ രീതിയിൽ കൊയ്ത്തുത്സവം സംഘടിപ്പിക്കുമെന്ന് അദ്ധ്യാപകർ പറഞ്ഞു. അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, പഞ്ചായത്തംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമതി ഭാരവാഹികൾ എന്നിവർ ആദ്യഘട്ട കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. പഠനത്തിനൊപ്പം പരീക്ഷക്കാലത്ത് പാടത്ത് നിന്ന് കതിർകൊയ്യാനായതിന്റെ സന്തോഷവും വിദ്യാർത്ഥികളും പങ്ക് വച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.വി.സജൻ, പഞ്ചായത്ത് അംഗം ആനീസ്, പ്രിൻസിപ്പൽമാരായ കെ.ടി. സാബു, പി.എൻ അജിത, ഹെഡ്മിസ്ട്രസ് കെ.ആർ. സുനിത, ജിഷ മോൾ അബീഷ് സി, മിനി സെൽവരാജ്, ബിജോയ് നാഥ്, ലിൻസ് എൻ. സോമരാജ്, ജോൺ, എലിയാസ് എന്നിവർ ഒന്നാം ഘട്ട കൊയ്ത്തിന് നേതൃത്വം നൽകി.