adithya

കോട്ടയം:സോളാർ വൈദ്യുതിയിൽ സഞ്ചാരികളുമായി കുതിച്ച് വേമ്പനാട്ട് കായലിൽ ചരിത്രമെഴുതിയ ആദിത്യ ബോട്ടിന് മൂന്ന് വയസാകുമ്പോൾ കീർത്തി കടലും കടന്നു. ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടായ ആദിത്യയുടെ പ്രവർത്തനം മനസിലാക്കാനും പകർത്താനും നാല്പത് രാജ്യക്കാരാണ് ഇതുവരെ എത്തിയത്. ആദിത്യ നൽകിയ പ്രചോദനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഒരു വർഷത്തിനകം സൗരോർജ യാത്രാ ബോട്ടുകൾ നീരണിയും.

ആദിത്യ എന്ന പേര് തന്നെ അന്വർത്ഥം. സൂര്യന്റെ പര്യായം. സൂര്യന്റെ ഊർജം വൈദ്യുതിയാക്കി കായലിനെയും അന്തരീക്ഷത്തെയും മലിനമാക്കാതെ പ്രകൃതിയോട് ഇണങ്ങിയുള്ള വിജയയാത്ര. ഇന്ധനച്ചെലവില്ലാത്തതിനാൽ വർഷം 25 ലക്ഷം രൂപ ലാഭം. ഡീസലിന്റെ മണമില്ല. വിഷപ്പുകയില്ല. ഓയിലും ഡീസലും ചോർന്ന് കായലിനെ മലിനമാക്കില്ല. എൻജിന്റെ കടകടാ ശബ്ദമില്ല. യാത്രക്കാർക്കും സന്തോഷം.

ആസ്ട്രേലിയ, ഫ്രാൻസ്, ദുബായ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് വൈക്കത്ത് എത്തി ആദിത്യയെ കണ്ടറിഞ്ഞത്. ഈ രാജ്യങ്ങളിലെല്ലാം സോളാർ ബോട്ടുകളുണ്ടെങ്കിലും ഇത്രയും വലിയ സോളാർ യാത്രാ ബോട്ടില്ല.

ഗോവ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ആൻഡമാൻ ദ്വീപ് എന്നിവിടങ്ങളിലാണ് ആദിത്യയുടെ മാതൃകയിലുള്ള യാത്രാ ബോട്ട് വരുന്നത്. അതിന്റെ ടെൻഡറിംഗുമായി.

 മൂന്ന് വർഷം ലാഭിച്ചത് 1.25 ലക്ഷം ലിറ്റർ ഡീസൽ

വൈക്കം - തവണക്കടവ് മൂന്ന് കിലോമീറ്ററുണ്ട്. ദിവസവും 22 ട്രിപ്പ്. ഇതുവരെ 10 ലക്ഷത്തിലേറെ യാത്രക്കാരുമായി 70,000 കിലോമീറ്റർ യാത്ര ചെയ്തു. ഒന്നേകാൽ ലക്ഷം ലിറ്റർ ഡീസൽ ലാഭിച്ചപ്പോൾ 280 ടൺ കാർബൺ ഡയോക്സൈഡാണ് ഒഴിവായത്.

പ്രവർത്തനം

20 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള ബോട്ടിന്റെ മേൽക്കൂരയിൽ 20 കിലോ വാട്ട് ശേഷിയുള്ള സോളാർ പാനൽ

ഓരോ ഹള്ളിലും 20 കിലോ വാട്ട് പവർ ഉള്ള മോട്ടോറുകൾ

700 കിലോ ഭാരവും 50 കിലോ വാട്ട് ശേഷിയും ഉള്ള ലിഥിയം ബാറ്ററികളിൽ സോളാർ വൈദ്യുതി ശേഖരിക്കുന്നു

ബാറ്ററികളിൽ നിന്ന് വൈദ്യുതി സ്വീകരിച്ച് മോട്ടോറുകൾ പ്രവർത്തിക്കുന്നു

ജെട്ടിയോട്‌ അടുക്കുമ്പോൾ വേഗത കുറയ്‌ക്കാനും നിറുത്താനും കൂടുതൽ ഊർജം വേണം.

ദിവസവും 5.5 മണിക്കൂർ ബോട്ട് പ്രവർത്തിപ്പിക്കുന്നു.

'' ഡീസൽ ബോട്ടുമായി താരതമ്യം ചെയ്യുമ്പോൾ ആദിത്യയുടെ അധിക ചെലവ് ഈ വർഷത്തോടെ അവസാനിച്ച് പ്രവർത്തനം ലാഭത്തിലായി. ഡീസൽ, ഓയിൽ ഉപയോഗം ഒഴിവാക്കിയതിലൂടെ പ്രതിവർഷം 25 ലക്ഷം രൂപയിലേറെയാണ് ലാഭം. ഡീസലിന്റെ മണവും അരോചകമായ ശബ്ദവുമില്ലാത്തതിനാൽ യാത്രക്കാർക്കും ഏറെ ഇഷ്ടമാണ്''

-ഷാജി വി. നായർ, ഡയറക്ടർ, ജലഗതാഗത വകുപ്പ്