കോട്ടയം: കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലകളിലെ പാടങ്ങളിൽ കൊയ്തു പൂർത്തിയാകാത്തതിനാൽ തണ്ണീർമുക്കം ബണ്ട് തുറക്കുന്നത് ഇനിയും വൈകും. വേമ്പനാട്ടുകായലിലെയും സമീപആറുകളിലെയും തോടുകളിലെയും ജലമലിനീകരണ പ്രശ്നം ഇതോടെ രൂക്ഷമായി.

ഡിസംബർ 15ന് അടച്ച ബണ്ട് മാർച്ച് 15ന് തുറക്കേണ്ടതായിരുന്നു. ഇതിന് മുന്നോടിയായി കോട്ടയം, ആലപ്പുഴ കളക്ടർമാരും ഉന്നതോദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേരേണ്ട സമയം കഴിഞ്ഞു. പ്രളയ ശേഷം കൃഷി വൈകിയതിനാൽ ഭൂരിപക്ഷം പാടങ്ങളിലും നെല്ല് കൊയ്യാൻ പാകത്തിലായിട്ടില്ല.

അപ്പർകുട്ടനാട്ടിൽ 20000 ഹെക്ടറിൽ കൃഷി ഉള്ളതിൽ നാലിലൊന്നിടത്തേ കൊയ്തു പൂർത്തിയായിട്ടുള്ളൂ. എം.എൻ ബ്ലോക്ക്, ഒമ്പതിനായിരം, മെത്രാൻ കായൽ തുടങ്ങി കൂടുതൽ കൃഷി ഉള്ള പാടങ്ങളും കൊയ്ത്തിന് പാകമായിട്ടില്ല. ബണ്ട് തുറന്നാൽ ഉപ്പുവെള്ളം പാടങ്ങളിലെത്തും . ഇത് കൃഷിയെ ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിൽ കൊയ്തു പൂർത്തിയാകും വരെ ബണ്ട് തുറക്കരുതെന്ന നിലപാടിലാണ് പാടശേഖര സമിതികൾ. ബണ്ട് തുറക്കാത്തത് മത്സ്യ ലഭ്യത കുറച്ചതിനാൽ ഉടൻ തുറക്കണമെന്ന ആവശ്യവുമായി മത്സ്യ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോൾ തുറന്നാലും തുറക്കാതിരുന്നാലും പ്രശ്നം

ബണ്ട് അടച്ച് മൂന്നു മാസം പിന്നിട്ടതോടെ വേമ്പനാട്ടുകായലും സമീപ ആറുകളും തോടുകളും പായലും കളയും നിറഞ്ഞ് ജലവാഹനങ്ങൾ സുഗമമായി പോകാൻ കഴിയാത്ത സ്ഥിതിയിലായി.

ഒഴുക്കു നിലച്ചതിനാൽ വെള്ളം കെട്ടിക്കിടന്നു കറുത്തു കുറുകി. പായൽ ചീഞ്ഞഴുകി ദുർഗന്ധം പരത്തുന്നു. കുളിക്കാനോ നനയ്ക്കാനോ കഴിയാതെ ജലക്ഷാമം രൂക്ഷമായി

ബണ്ട് തുറന്നാൽ ഉപ്പുവെള്ളം ഒഴുകിയെത്തുന്നത് കുടിവെള്ള പദ്ധതികളെയും ബാധിക്കും. ഇത് തടയുന്നതിനുള്ള ഓരുമുട്ടു നിർമാണവും ഇതുവരെ ആരംഭിച്ചിട്ടില്ല.

അപ്പർകുട്ടനാട്ടിൽ

കൃഷി

20000

ഹെക്ടറിൽ

കൊയ്തു പൂർത്തിയാകാതെ ബണ്ട് തുറക്കാൻ അനുവദിക്കില്ല. വലിയ നഷ്ടം സഹിച്ചാണ് കൃഷി നടത്തുന്നത്. ഉപ്പുവെള്ളം കയറിയാൽ നെല്ല് പതിരാകും. മില്ലുടമകൾ വില കുറയ്ക്കും.

പൊന്നപ്പൻ, നെൽകർഷകൻ

ബണ്ട് തുറന്ന് ഓരു വെള്ളം കയറിയിറങ്ങാത്തതു കാരണം മത്സ്യ സമ്പത്തിൽ വലിയ കുറവാണുണ്ടായത്. . ബണ്ട് ഉടൻ തുറക്കുന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങേണ്ടി വരും.

പുഷ്കരൻ, മത്സ്യതൊഴിലാളി