വൈക്കം : മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 14 ന് വൈകിട്ട് 7.30 നും 8.30 നും ഇടയിൽ കൊടിയേറും. ഉത്സവത്തോടനുബന്ധിച്ചുള്ള ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പ് നിർത്തലാക്കിയിട്ടുണ്ട്. ക്ഷേത്ര തന്ത്റിയുടെ നിർദേശം അനുസരിച്ച് ആചാരപ്രകാരം വൈക്കം മഹാദേവക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പതിവനുസരിച്ച് ചടങ്ങുകൾ ഉണ്ടാവും. 21 ന് രാവിലെ 5.30 ന് മൂത്തേടത്ത് കാവ് ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന എഴുന്നള്ളത്ത് 8.30 ന് ഉദയനാപുരം ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിൽ നടത്തുന്ന സ്വീകരണത്തിനും ഇറക്കി പുജക്കും ശേഷം 11 മണിയോടെ വൈക്കം തെക്കേനട വടയാർ സമൂഹത്തിൽ എത്തും. വൈകിട്ട് 5.15 ന് വൈക്കം ക്ഷേത്രത്തിൽ എത്തുന്ന ദേവിയെ ആചാരമനുസരിച്ച് വരവേ​റ്റ് ഇറക്കി പൂജയും വിശേഷാൽ നിവേദ്യങ്ങളും നടത്തും. രാത്രി 8 ന് പയറുകാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഇറക്കി പൂജക്ക് ശേഷം 10 ന് മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ ദേവി തിരികെപ്രവേശിക്കും. വടയാർ സമൂഹത്തിൽ ഭഗവതിയെ സമൂഹം ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് വരവേൽക്കും. 12 മുതൽ വൈകിട്ട് 4 വരെ ഭക്തർക്ക് വടയാർ സമൂഹത്തിൽ എത്തി ദേവിക്ക് നിറപറ വയ്ക്കുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.