കോട്ടയം: തിരുനക്കര ക്ഷേത്രത്തിൽ നടന്ന മോഷണത്തിടയാക്കിയത് ഗുരുതര വീഴ്ച. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി എത്തുന്ന പൊലീസിനു മുന്നിൽ പോലും വാതിലുകൾ തുറക്കാറില്ല. ഈ വാതിലുകൾ തുറക്കാത്തതിനാൽ പാട്ടാ ബുക്ക് ഒപ്പിടാതെ പൊലീസ് മടങ്ങിപ്പോകുകയും ചെയ്തു.
ഗുരുതര വീഴ്ചകൾ
- രാത്രിയിൽ അത്താഴപൂജയ്ക്കു ശേഷം നട അടച്ചാൽ വാതിൽ അകത്തു നിന്നു പൂട്ടും. നേരത്തെ രാത്രി 12 നും രണ്ടിനും പൊലീസ് എത്തി പാട്ടാബുക്ക് ഒപ്പിട്ടു മടങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ ഈ സംവിധാനമില്ല.
- സെക്യൂരിറ്റി ജീവനക്കാരൻ സ്ട്രോങ് റൂമിനുള്ളിൽ കിടന്നുറങ്ങി. ദേവസ്വം ബോർഡിന്റെ കോട്ടയം ഗ്രൂപ്പിൽപ്പെട്ട ക്ഷേത്രങ്ങളിലെ സ്വർണ തിടമ്പുകളും ഉരുപ്പടികളും സൂക്ഷിക്കുന്നത് ഈ സ്ട്രോങ് റൂമിലാണ്. നാലു ജീവനക്കാരാണ് രാത്രിയിൽ കാവലുണ്ടായിരുന്നത്. ഇന്നലെ സ്ട്രോങ് റൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉറങ്ങുകയും, മറ്റു രണ്ടു പേർ ഏറ്റുമാനൂർ ക്ഷേത്രത്തിൽ പോകുകയും ചെയ്തു. ബാക്കിയുണ്ടായിരുന്ന ഒരാൾ എവിടെയായിരുന്നു എന്നതിന് വ്യക്തതയില്ല.
- മോഷ്ടാവ് അകത്തു കയറിയത് കണ്ടാലും സ്ട്രോങ് റൂമിന്റെ ഗാർഡ് പുറത്തിറങ്ങാതെ തന്നെ, ഇയാളെ പിടികൂടാനുള്ള ക്രമീകരണം ഒരുക്കണമെന്നാണ് ചട്ടം. ഇതിനായാണ് മറ്റു മൂന്നു ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. എന്നാൽ, ഇവർ ആരും തന്നെ ഇന്നലെ ഇത്തരം ഇടപെടൽ നടത്തിയില്ല.
- ക്ഷേത്രത്തിന്റെ സ്ട്രോങ് റൂമിന്റെ സുരക്ഷ ഉറപ്പാക്കാൻ, രാത്രിയിൽ കൃത്യമായ ഇടവേളകളിൽ മണി മുഴക്കിയിരുന്നു. ഇപ്പോൾ ഇതും നിലച്ച മട്ടാണ്.