കോട്ടയം: അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദേവാലയ മോഷണങ്ങൾ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു. നഗരമദ്ധ്യത്തിലുള്ള,​ 14 കാമറകൾ പ്രവർത്തിക്കുന്ന തിരുനക്കര ക്ഷേത്രത്തിൽ ഇന്നലെ നടന്ന മോഷണം ഞെട്ടിക്കുന്നതാണ്. രണ്ടാഴ്ചയ്ക്കിടെ പല ദേവാലയങ്ങളിൽ മോഷണം നടന്നിട്ടുണ്ട്. ഇതിന്റെ അർത്ഥം ഒരു ഗൂഢസംഘം സംഘടിതമായി മോഷണശ്രമം നടത്തുന്നുവെന്നാണ്. ഒറ്റപ്പെട്ട വീടുകളിലും​ വൃദ്ധരായ മാതാപിതാക്കൾ താമസിക്കുന്ന സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടിവരുന്നു. രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തിയും ആവശ്യമായ സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചും ജനജീവിതം സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.