ചങ്ങനാശേരി: ആർ.എം.എസ്. ഓഫീസ് നഗര മദ്ധ്യത്തിലുളള ഹെഡ്‌പോസ്റ്റോഫീസ് സമുച്ചയത്തിലേക്ക് മാറ്റുന്നു. കഴിഞ്ഞ രണ്ടുമാസമായി ഹെഡ്‌പോസ്റ്റോഫീസ് കെട്ടിടത്തിൽ ഇതിനുളള അടിസ്ഥാന സൗകര്യം ഒരുക്കുന്ന പ്രവർത്തികൾ നടന്നു വരുകയാണ്. ഒരാഴ്ചയ്ക്കുളളിൽ മറ്റുപണികൾ പൂർത്തീകരിച്ച് ആർ.എം.എസ് ഓഫീസ് ഹെഡ്‌പോസ്റ്റോഫീസ് സമുച്ചയത്തിലേക്ക് മാറ്റാനാണ് നീക്കം. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ചങ്ങനാശേരി ആർ.എം. എസ് ഓഫീസ് നിലനിറുത്തണമെന്ന ആവശ്യം മുന്നോട്ട് വച്ച് രാഷ്ട്രീയ സാമൂഹ്യ സാമൂദായിക സംഘടനകളും വ്യാപാര സമൂഹവും ഒറ്റക്കെട്ടായി നിന്ന് ആർ.എം.എസ്. സംരക്ഷണസമിതിക്കു രൂപം നൽകിയിരുന്നു. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി., സി.എഫ്. തോമസ് എം.എൽ.എ. എന്നിവർ മുഖേന തപാൽ വകുപ്പിനും, കേന്ദ്രമന്ത്രിക്കും മെമ്മോറാണ്ടം സമർപ്പിക്കുകയും വിവിധ സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

 അഞ്ചുവർഷമായി അടച്ചുപൂട്ടൽ ഭീഷണിയിൽ

അഞ്ചുവർഷമായി ചങ്ങനാശേരി ആർ.എം.എസ് ഓഫീസ് അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. ചങ്ങനാശേരി ഹെഡ്‌പോസ്റ്റോഫീസിനു കീഴിലുളള 25 പോസ്റ്റോഫീസുകളിലേയും, കാഞ്ഞിരപ്പളളി ഹെഡ്‌പോസ്റ്റോഫീസിന് കീഴിലുളള 23 പോസ്റ്റോഫീസുകളിലേയും തപാൽ ഉരുപ്പടികൾ തരം തിരിച്ചിരുന്നത് ചങ്ങനശേരി ആർ.എം.എസ് ഓഫീസിലായിരുന്നു. ഇടക്കാലത്ത് കാഞ്ഞിരപ്പളളി ഹെഡ് പോസ്റ്റോഫീസിനു കീഴിൽ വരുന്ന പോസ്റ്റോഫീസുകളിലെ തപാൽ ഉരുപ്പടികൾ തരംതിരിക്കുന്ന ജോലി കോട്ടയത്തെ ആർ.എം.എസ് ഓഫീസിലേയ്ക്ക് മാറ്റി. ചങ്ങനാശേരിയിൽ നിന്ന് ആർ.എം.എസ് ഓഫീസ് നിറുത്തലാക്കാനും ശ്രമമുണ്ടായി. റെയിൽവേ സ്റ്റേഷൻ ഭാഗത്തു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ഒഴിഞ്ഞുകൊടുക്കണമെന്ന ആവശ്യത്തിൽ കെട്ടിട ഉടമയ്ക്കനുകൂലമായി കോടതി വിധി കൂടി വന്നതോടെ അടച്ചുപൂട്ടൽ നീക്കത്തിനു വേഗത കൂടി.