കിടങ്ങൂർ: ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ പിറയാർ മാമ്പഴശ്ശേരി കുളം നവീകരിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച 22.5 ലക്ഷം രൂപ ഉപയോഗിച്ച് 116 മീറ്റർ നീളവും 24 മീറ്റർ വീതിയുമുള്ള കുളത്തിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുകയും ആഴം കൂട്ടുകയുമാണ് ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കുളത്തിലേക്ക് വഴി നിർമ്മിക്കുകയും ചെയ്തു. വർഷങ്ങളായി കാർഷിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കുളം നവീകരിച്ചതോടെ 600 ഏക്കറോളം വരുന്ന പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാനാകും. വിനോദസഞ്ചാര സാദ്ധ്യതകൾ കണക്കിലെടുത്ത് രണ്ടാം ഘട്ടമായി പാർക്ക് നിർമിക്കാനും നീന്തൽ പരിശീലന കേന്ദ്രം ആരംഭിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.