പാലാ : മരിച്ച നിലയിൽ കലുങ്കിന് സമീപം കണ്ടെത്തിയ വൃദ്ധയുടേത് സ്വഭാവിക മരണമെന്ന് പൊലീസ്. മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണിത് വ്യക്തമായതെന്ന് പാലാ ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫ് പറഞ്ഞു. എന്നാൽ വൃദ്ധ ആരാണെന്ന് ഇതേ വരെ തിരിച്ചറിഞ്ഞിട്ടില്ല എന്നത് പൊലീസിനെയും കുഴയ്ക്കുന്നുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് പാലാ-തൊടുപുഴ ഹൈവേയിൽ കാർമ്മൽ ആശുപത്രി റോഡിന് എതിർവശത്തെ കലുങ്കിന് താഴെയാണ് 75 വയസ് തോന്നിക്കുന്ന വൃദ്ധയുടെ മൃതശരീരം കണ്ടെത്തിയത്. കലുങ്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലെ ചെടികൾ ഒടിഞ്ഞുകിടക്കുന്നത് കണ്ട് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തി 48 മണിക്കൂറോളം ആയിട്ടും മരിച്ച വൃദ്ധയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിരിക്കുകയാണ്. സമീപ പൊലീസ് സ്‌റ്റേഷനുകളിൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മൃതദേഹത്തിന്റെ മുഖത്തെ മുറിപ്പാട് താഴേക്ക് വീണപ്പോൾ മരക്കുറ്റിയിലോ മറ്റോ കൊണ്ട് ഉണ്ടായതാവാം എന്നാണ് പൊലീസിന്റെ നിഗമനം.

മൃതദേഹം കണ്ടെത്തുമ്പോൾ 24 മണിക്കൂർ പഴക്കമേയുള്ളു. വ്യക്തമായ സൂചനകൾ ലഭിച്ചാൽ പാലാ ഡിവൈ.എസ്.പിയെ അറിയിക്കണമെന്നും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഫോൺ: 9497990051.

പൊലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടികളിലും കൊലപാതകമെന്ന് സംശയിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് സൂചനയുണ്ടായിരുന്നു. വൃദ്ധയുടെ ചിത്രങ്ങളും മറ്റ് കേസ് വിവരങ്ങളും സോഷ്യൽ മീഡിയായിലൂടെ പൊലീസ് പ്രചരിപ്പിച്ചിട്ടുണ്ട്‌