prk-119-2020-2-

കുറവിലങ്ങാട്: പച്ചക്കറി ഉത്പാദനത്തിൽ 2021 ഓടെ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. കുറവിലങ്ങാട് കോഴയിൽ ഹോർട്ടികോർപ്പിന്റെ സംഭരണ വിതരണ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഹോർട്ടികോർപ്പിന്റെ പ്രവർത്തനം കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന് ഇത് സഹായകരമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഴവൂർ ബ്ലോക്കിലെ ഓരോ പഞ്ചായത്തിനും 25,000 പച്ചക്കറി തൈകൾ വീതം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മികച്ച കർഷകർക്കുള്ള പുരസ്‌കാര വിതരണം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ദിവാകരൻ, ചലച്ചിത്ര സംവിധായകനും ഹോർട്ടികോർപ്പ് ചെയർമാനുമായ വിനയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം, ഹോർട്ടികോർപ്പ് എം.ഡി. കെ.സജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിനു മുൻപ് നടന്ന സെമിനാറിൽ തേനീച്ച പരിപാലനത്തെക്കുറിച്ച് ബി.സുനിൽ ക്ലാസെടുത്തു.