കോട്ടയം: വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വനിതകൾ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്നും ആരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കുന്ന റാലി മുൻ എം.പി അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

റാലിയിൽ അഭിഭാഷകർ, അദ്ധ്യാപകർ, വിദ്യാർത്ഥിനികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ അണിചേരും.

തിരുനക്കര മൈതാനത്ത് വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ.സോന അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ മുഖ്യപ്രഭാഷണം നടത്തും. അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രൻ വനിതാദിന സന്ദേശം നൽകും. വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ കലാ,കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടക്കും. വിവിധ മേഖലകളിലെ വനിതാ പ്രതിഭകളെ ആദരിക്കും. കലാപരിപാടികൾക്കു ശേഷം രാത്രി നടത്തത്തോടെയായിരിക്കും ദിനാഘോഷം സമാപിക്കുക.