ചങ്ങനാശേരി: പുതുജീവൻ ട്രസ്റ്റ് മാനസിക ചികിത്സാകേന്ദ്രം പ്രവർത്തിക്കുന്ന 90 സെന്റ് സ്ഥലത്തെ കരഭൂമിയായി അനുവദിച്ചു കൊണ്ട് ഇന്നലെ ഹൈക്കോടതി ഉത്തരവായി. കരഭൂമിയാണെന്ന് കാട്ടി ആശുപത്രി ട്രസ്റ്റ് പായിപ്പാട് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും തണ്ണീർത്തട സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി പായിപ്പാട് പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഈ വസ്തുവിൽ ഒരു മുറിയിൽ മാത്രമായിരുന്നു അന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അനുമതി നൽകിയിരുന്നത്. തണ്ണീർത്തട നിയമം പ്രാബല്യത്തിലാകുന്നതിനു മുമ്പ് നിർദ്ദിഷ്ട ഭൂമിയിൽ നെൽകൃഷിയോ മറ്റ് കൃഷികളോ ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി വി.സി ജോസഫ് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ നടത്തിയ വിശദമായ പരിശോധനയ്ക്കു ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്. ആശുപത്രി ഡയറക്ടറുടെ വിശദീകരണം കേൾക്കണമെന്ന് പഞ്ചായത്തിനോട് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ഒൻപതിന് പഞ്ചായത്തിലെത്തി വിശദീകരണം നൽകണമെന്ന് പഞ്ചായത്ത് അധികൃതർ ആശുപത്രി ഡയറക്ടർക്ക് നോട്ടീസും നൽകിയിട്ടുണ്ട്.