വൈക്കം: വിനോദസഞ്ചാരികളെ ആകർഷിക്കാനായി കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബോട്ട് വൈക്കത്ത് അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വൈക്കംതവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന സോളാർ ബോട്ടായ ആദിത്യയുടെ മൂന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തവണക്കടവിൽ നിന്നും വൈക്കം ബോട്ട് ജെട്ടിയിലെത്തി റോഡിലൂടെ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് വരെ എത്തുന്ന ഡക്ക് ബോട്ടാണ് വൈക്കത്തിന് അനുവദിക്കുക. അഞ്ച് സോളാർ ബോട്ടുകൾ കൂടി നീറ്റിലിറക്കുന്നുണ്ട്. ഇതിലൊരെണ്ണം വൈക്കത്തിന് നൽകും. മെയ് മാസത്തിൽ സർവീസ് ആരംഭിക്കാനാകും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് രണ്ടു നിലകളിലുള്ള സോളാർ ബോട്ടിന്റെയും എ.സി ബോട്ടിന്റെയും വാട്ടർ ടാക്‌സികളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈക്കം പഴയ ബോട്ട്‌ജെട്ടിയിൽ നടന്ന ചടങ്ങിൽ സി. കെ. ആശ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴത്ത്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി സുഗതൻ, അഡ്വ. കെ കെ രഞ്ജിത്ത്, വാർഡ് കൗൺസിലർ കെ ആർ സന്തോഷ്, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, നഗരസഭ മുൻ ചെയർമാൻ പി. ശശിധരൻ, എം. കെ. രവീന്ദ്രൻ, വിനൂപ് വിശ്വം തുടങ്ങിയവർ സംസാരിച്ചു. ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ സ്വാഗതവും ഡി. ഉദയപ്പൻ നന്ദിയും പറഞ്ഞു. സോളർ ബോട്ടിൽ യാത്ര ചെയ്ത ശേഷമാണ് മന്ത്രിയും ജനപ്രതിനിധികളും മടങ്ങിയത്.