കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ മോഷണത്തിനിടയാക്കിയത് വൻ സുരക്ഷാവീഴ്ചയെന്ന് കണ്ടെത്തൽ.
നാല് സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് രാത്രിഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ ഇന്നലെ രാത്രിയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇയാളാകട്ടെ, സ്ട്രോംഗ് റൂമിൽ നല്ല ഉറക്കത്തിലുമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരാൾ എവിടെയെന്നതിനെക്കുറിച്ച് ഒരു വിവരമൊന്നുമില്ല. ഇതേക്കുറിച്ച് ക്ഷേത്രാധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ കോട്ടയം ഗ്രൂപ്പിൽപ്പെട്ട ക്ഷേത്രങ്ങളിലെ സ്വർണാഭരണങ്ങളും ഉരുപ്പടികളും സ്വർണ തിടമ്പുകളും സൂക്ഷിക്കുന്നത് തിരുനക്കര ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിലാണ്. ഒരാൾ സ്ട്രോംഗ് റൂമിലുണ്ടാവണമെന്നാണ് നിയമം. അത് അകത്തുനിന്നും പൂട്ടി അതിനുള്ളിൽ ഇരിക്കണം. മറ്റ് മൂന്നു പേർ ക്ഷേത്രത്തിനുള്ളിലും പുറത്തുമായി റോന്ത് ചുറ്റണം. മോഷ്ടാവ് എത്തിയാൽ സ്ട്രോംഗ് റൂമിലെ ഗാർഡ് പുറത്തിറങ്ങാതെ ഇയാളെ പിടികൂടാൻ കഴിയണം എന്നതിനാലാണ് രാത്രികാലങ്ങളിൽ മൂന്നു സെക്യൂരിറ്റി ജീവനക്കാരെ കൂടി നിയമിച്ചിട്ടുള്ളത്. അത്താഴ പൂജ കഴിഞ്ഞാൽ ഉടൻ പ്രധാന ഗേറ്റുകൾ അടയ്ക്കും. പിന്നീട് അത് തുറക്കില്ല. എന്നാൽ 12 മണിക്കും രണ്ട് മണിക്കും പാട്ടാബുക്കിൽ ഒപ്പിടാൻ പൊലീസ് എത്തും. എന്നാൽ കുറെെക്കാലമായി പൊലീസ് എത്തുമ്പോൾ പാട്ടാ ബുക്ക് കൊടുക്കാൻ ആളില്ല. പൊലീസാവട്ടെ ആ പ്രദേശം വീക്ഷിച്ചശേഷം തിരിച്ചുപോവുകയാണ് പതിവ്.
അതേസമയം, സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് മോഷണം നടത്തിയ പ്രതിയുടെ ചിത്രങ്ങൾ സി.സി.ടി.വിയിൽ തെളിഞ്ഞെങ്കിലും മോഷ്ടാവിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. ടൗണിലെ റോഡിലും കടകൾക്കുമുമ്പിലും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കൾ പരിശോധിച്ചുവരികയാണ് പൊലീസ്. ഏതെങ്കിലും കാമറയിൽ മോഷ്ടാവിന്റെം ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ടാവും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം. മെലിഞ്ഞ് പൊക്കം കുറഞ്ഞ കഷണ്ടി ബാധിച്ച ആളാണ് കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണം കവർന്നത്. ഇന്നലെ പുലർച്ചെ 1.15നായിരുന്നു സംഭവം. ക്ഷേത്രത്തിൽെ വടക്കേഗോപുരത്തിന്റെ പടിഞ്ഞാറുഭാഗത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ഇവിടെ മതിലിൽ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. കൂടാതെ വിരലടയാളവും ലഭിച്ചതായാണ് അറിയുന്നത്. സി.സി.ടി.വികൾ നശിപ്പിക്കാനും ശ്രമമുണ്ടായി. ക്ഷേത്രമോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കോട്ടയം ഭാഗത്ത് മൊബൈൽ ലൊക്കേഷനുള്ള ക്ഷേത്രമോഷ്ടാക്കളെയും കുപ്രസിദ്ധ മോഷ്ടാക്കളെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഉടൻതന്നെ മോഷ്ടാവ് പിടിയിലാവുമെന്ന് കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുൺ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. നാല് കാണിക്കവഞ്ചികളാണ് കുത്തിത്തുറന്നത്. ഒരു വഞ്ചി തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നോട്ടുകൾ മാത്രം ശേഖരിച്ച മോഷ്ടാവ് നാണയങ്ങൾ എടുത്തിട്ടില്ല. ഡിവൈ.എസ്.പി ശ്രീകുമാർ, വെസ്റ്റ് സി.ഐ എം.ജെ.അരുൺ, ഈസ്റ്റ് സി.ഐ നിർമ്മൽ ബോസ്, വൈസ്റ്റ് എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.