കോട്ടയം: പാലാ-തൊടുപുഴ റോഡിൽ കാർമ്മൽ ജംഗ്ഷനിൽ കലുങ്കിന് സമീപം ഓടയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ വയോധികയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ്
പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
അതേസമയം, 80 വയസ് തോന്നിക്കുന്ന വയോധികയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മരണത്തിനുശേഷം സംസ്കരിക്കാനാവാതെ ആരോ മൃതദേഹം ഓടയിൽ തള്ളിയതാണോയെന്ന് സംശയമുണ്ട്. മൃതദേഹം കണ്ടെത്തിയതിന് തലേദിവസം ഈ വഴിയിൽ പോയ വാഹനങ്ങൾ പൊലീസ് സി.സി.ടി.വി യുടെ സഹായത്തോടെ പരിശോധിച്ചുവരികയാണെന്ന് പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് പറഞ്ഞു. പ്രായാധിക്യത്താൽ ഓർമ്മക്കുറവിൽ ഇറങ്ങിനടന്നപ്പോൾ ഓടയിൽ വീണ് അപകടം സംഭവിച്ചതാവാം എന്ന് സംശയമുണ്ടെങ്കിലും ആ ഭാഗത്ത് അങ്ങനെ ഒരു സ്ത്രീയെ ആരും കണ്ടിട്ടില്ലെന്ന് ആദ്യ ദിവസം തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം ഉറുമ്പരിച്ച നിലയിലാണ് കണ്ടെത്തിയത്. മുഖത്ത് ചോര പൊടിച്ചത് ഉറുമ്പരിച്ചതിനാലാവാമെന്നാണ് അറിയുന്നത്. കൂടാതെ ഓടയിലേക്ക് തള്ളിയിട്ടപ്പോൾ കമ്പുകളോ മറ്റോ കൊണ്ട് പരിക്കേല്ക്കാനും സാദ്ധ്യതയുണ്ട്.