ചങ്ങനാശേരി : മാടപ്പള്ളി-കറുകച്ചാൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ പാതയായ ദൈവംപടി-പാലമറ്റം റോഡ് പൂർണമായി തകർന്നിട്ട് വർഷങ്ങളായി. രണ്ടര കിലോമീറ്റർ നീളമുള്ള റോഡിന്റെ പുനർനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് പലവട്ടം അധികൃതർക്ക് നിവേദനം നൽകിയിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
2012-ൽ നിർമ്മിച്ച റോഡ് നാളിതുവരെയായും പുനർനിർമ്മാണം നടത്തിയിട്ടില്ല. ടാറിംഗ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞതോടെ ഇത് വഴിയുള്ള കാൽനട പോലും ദുഷ്കരമായിട്ടുണ്ട്. റോഡിന്റ 90 ശതമാനത്തോളം ടാറിംഗ് തകർന്ന് മിറ്റലും ചരലും റോഡിൽ നിരന്നു കിടക്കുകയാണ്. മഴക്കാലം കഴിഞ്ഞപ്പോൾ കുഴികളുടെ വലിപ്പവും പ്രതിദിനം വർദ്ധിച്ചു. കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നതും പതിവാണ്. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ മഴക്കാലത്ത് വെള്ളം റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുകയാണ്. തകർന്നു കിടക്കുന്ന റോഡ് പുനർനിർമ്മിക്കാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രദേശവാസികൾ പറയുന്നു.
.