കാഞ്ഞിരപ്പള്ളി:ഏറെക്കാലമായി അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലിരിക്കുന്ന കാഞ്ഞിരപ്പള്ളി സർവീസ് സഹകരണബാങ്കിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സെന്റ്‌ ഡോമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. ഇന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും.
പതിറ്റാണ്ടുകളായി ബാങ്ക് ഭരിച്ചുവരുന്ന യു.ഡി.എഫ് പാനലും എൽ.ഡി.എഫ് നയിക്കുന്ന സഹകരണസംരക്ഷണ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തോടെയാണ് കെ. ജോർജ്ജ് വർഗീസ് പൊട്ടൻകുളത്തിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് മത്സരിക്കുന്നത്. അതിനിടെ രണ്ട് പ്രധാന ഘടക കക്ഷികൾക്കിടയിലെ വിഭാഗീയതയും മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ ചില നേതാക്കൾതന്നെ രംഗത്തിറങ്ങിയതും ഫലത്തെ ബാധിക്കുമെന്ന ആശങ്കയും നലനിൽക്കുന്നു. കോൺഗ്രസിന്റെ പ്രമുഖ നേതാവും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ബാങ്കിന്റെ വൈസ് പ്രസിഡന്റുമായിരുന്ന ബേബി വട്ടക്കാടനെതിരെ കോൺഗ്രസ് പാർട്ടി നടപടിയെടുത്തിരുന്നു. കള്ളവോട്ട് തടയുന്നതിനും ക്രമസമാധാനം സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി ഉത്തരവായി. കൂടുതൽ പൊലീസുകാരെ നിയോഗിക്കണം, ബൂത്തുകളിൽ സി.സി.ടിവി കാമറ സ്ഥാപിക്കണം, ബാങ്കിന്റെ തിരിച്ചറിയൽ രേഖയോടൊപ്പം മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയും വോട്ടർമാർ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. യു.ഡി.എഫ്.മണ്ഡലം കമ്മിറ്റിയാണ് ഹർജി സമർപ്പിച്ചത്.