വൈക്കം : ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ സി.ഐ ഉൾപ്പടെയുള്ളവർക്ക് എതിരെ നടപടിയെടുക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റി ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. പി.ആർ.സോന ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ യാതൊരു പ്രകോപനവുമില്ലാതെ പ്രസംഗിക്കാൻ ഉപയോഗിച്ചിരുന്ന ബാ​റ്ററി മൈക്ക് എടുത്തു മാ​റ്റണമെന്ന് സി.ഐ ആവശ്യപ്പെട്ടതിനെ പ്രവർത്തകർ ചോദ്യം ചെയ്തതാണ് പൊലീസ് പ്രകോപനത്തിന് കാരണം. ബാ​റ്ററി മൈക്കിന് അനുമതി വേണ്ടെന്നിരിക്കെ സി.ഐ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. എതിർപ്പിനെ തുടർന്ന് തിരിച്ചു പോയ സി.ഐ കൂടുതൽ പൊലീസുമായി വന്ന് പ്രവർത്തകരെ തള്ളിമാ​റ്റുകയും ലാത്തി കൊണ്ട് കുത്തുകയും മർദ്ദിക്കുകയുമാണ് ഉണ്ടായതെന്ന് നേതാക്കൾ ആരോപിച്ചു. അക്കരപ്പാടം ശശി,ബി.അനിൽകുമാർ, ഷഡാനനൻ നായർ, ശ്രീരാജ് തുടങ്ങി നിരവധി പേർക്ക് പരിക്കേ​റ്റു. അന്വേഷണം ആവശ്യപ്പെട്ട് വൈക്കം ഡിവൈ.എസ്.പിക്ക് നേതാക്കൾ പരാതി നൽകി.