പാലാ: കേരളത്തിലെ ആദ്യ മറവിരോഗ സൗഹൃദ (ഡിമെൻഷ്യ ഫ്രെണ്ട്‌ലി) പഞ്ചായത്തായി കടനാട് പഞ്ചായത്ത് മാറുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷമായി നടത്തി വന്ന 'സ്മൃതി' എന്ന മറവിരോഗ ചികിത്സാ പദ്ധതി ലക്ഷ്യപ്രാപ്തി കൈവരിച്ചതായി സംഘാടകർ പറഞ്ഞു. കടനാട് പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം ആയുഷ് ഹോമിയോപ്പതി, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പൂർത്തീകരണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ജെയിസൺ പുത്തൻകണ്ടം മാണി സി കാപ്പൻ എം.എൽ.എയ്ക്ക് കൈമാറി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി ഉറുമ്പുകാട്ട്, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ, ളാലം ബ്ലോക്ക് മെമ്പർ ജിജി തമ്പി, മെഡിക്കൽ ഓഫീസർ ഡോ. ചിന്തു തോമസ് എന്നിവർ പങ്കെടുത്തു.