ചങ്ങനാശേരി : ഓട്ടോറിക്ഷയിടിച്ച് ലോട്ടറി തൊഴിലാളിയായ പൊട്ടശേരിയിൽ വട്ടമലകുന്ന് വീട്ടിൽ വിജയൻ (60) മരിച്ചു. ഇടിച്ച ഓട്ടോറിക്ഷ നിറുത്താതെ പോയി. വെള്ളിയാഴ്ച രാത്രി 10 ഓടെ മുക്കാട്ടുപടിയ്ക്ക് സമീപമായിരുന്നു അപകടം. ഷാപ്പുപടിയിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന കാവടിയാട്ടത്തിന് ശേഷം തിരികെ മുക്കാട്ടുപടിയിലേക്ക് സുഹൃത്ത് മോഹനുമായി പോകുമ്പോഴാണ് ഇരൂപ്പ ഭാഗത്തു നിന്ന് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇരുവരെയും ഇടിച്ചത്. നാട്ടുകാർ ചേർന്ന് ഇരുവരെയും ചങ്ങനാശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിജയന്റെ സംസ്കാരം ഇന്ന് രാവിലെ 10 ന് നാൽക്കവല എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ : പരേതയായ മണിയമ്മ. മക്കൾ : ബിജു, ബിജുമോൾ. സമീപത്തുള്ള സി.സി.ടി.വി കാമറ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് തൃക്കൊടിത്താനം സി.ഐ സാജുവർഗ്ഗീസ് പറഞ്ഞു.