കോട്ടയം : കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ ഒരാളെ സ്വകാര്യ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് കുവൈറ്റിൽനിന്ന് വന്ന മദ്ധ്യവയസ്‌കനെയാണ് പനിയും ശ്വാസം മുട്ടലും ബാധിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ആസ്തമ രോഗിയായ ഇദ്ദേഹത്തിന് ഒക്‌ടോബർ മുതൽ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ വൈറസ് ബാധയുടെ ലക്ഷണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ് പറഞ്ഞു. സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചാൽ ഐസോലേഷൻ വാർഡിൽനിന്നും ഹോം ക്വാറന്റയിനിലേക്ക് മാറ്റും. ഇന്നലെ ജില്ലയിൽ ആറുപേർക്ക് കൂടി വീട്ടിൽ ജനസമ്പർക്കമില്ലാതെ താമസിക്കുന്നതിന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് എത്തിയവരാണിവർ. ഇതുൾപ്പെടെ 74 പേരാണ് ജില്ലയിൽ ഹോം ക്വാറന്റയിനിലുള്ളത്.