കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 14ന് കൊടിയേറും. ഏഴാം ഉത്സവദിവസമായ 20ന് തിരുനക്കരപൂരം . 23ന് ആറാട്ടോടെ ഉത്സവം സമാപിക്കും, 21ന് വലിയ വിളക്ക് ദർശന പ്രധാന ചടങ്ങാണ്.
14ന് രാത്രി ഏഴിന് തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. രാത്രി എട്ടിന് സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ: എൻ. വാസു സുവനിർ പ്രകാശനവും, നഗരസഭാധ്യക്ഷ ഡോ. പി.ആർ.സോന കലാപരിപാടികളുടെ ഉദ്ഘാടനവും നടത്തും. 9.30ന് പിന്നണി ഗായിക മൃദുല വാര്യർ നയിക്കുന്ന ഗാനമേള.
രണ്ട്, മൂന്ന്, നാല് ഉത്സവ ദിവസങ്ങളിൽ രാത്രി 10 മുതൽ കഥകളി. നളചരിതം മൂന്നാം ദിവസം, നരകാസുരവധം, കിർമ്മീരവധം, പ്രഹ്ലാദചരിതം, സന്താനഗോപാലം, ദക്ഷയാഗം കഥകൾ ആടും. കലാമണ്ഡലം ഗോപി, കോട്ടയ്ക്കൽ കേശവൻ കുണ്ടലായർ, മാത്തൂർ ഗോവിന്ദൻകുട്ടി, കോട്ടയ്ക്കൽ ദേവദാസ് തുടങ്ങിയ വേഷക്കാർ പങ്കെടുക്കും. വിവിധ ദിവസങ്ങളിൽ മനോരമ ന്യൂസ് എഡിറ്റർ വിനോദ് നായർ, മാതൃഭൂമി ന്യൂസ് എഡിറ്റർ ടി.കെ. രാജഗോപാൽ, കേരളകൗമുദി സ്പെഷ്യൽ കറസ്‌പോണ്ടന്റ് വി. ജയകുമാർ എന്നിവർ കളിവിളക്ക് തെളിക്കും. 18ന് കൊച്ചി കൈരളിയുടെ ഗാനമേള, 19ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ 'വേറിട്ട കാഴ്ചകൾ" നാടകം.
പൂരം മേളം 20ന് വൈകിട്ട് നാലിന് പൂര സമാരംഭം. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം തെളിക്കും. തൃശൂർ പൂരം തിരുവാമ്പാടി മേള പ്രമാണി കീഴൂട്ട് അനിയൻമാരാരും സംഘവും പാണ്ടിമേളം ഒരുക്കും. പടിഞ്ഞാറൻ കിഴക്കൻ ചേരുവോരങ്ങളിൽ ചമയങ്ങളോടെ ഗജരാജാക്കന്മാർ അണിനിരക്കും. രാത്രി പിന്നണി ഗായകർ ആർ. രവിശങ്കർ, റീന മുരളി എന്നിവരുടെ മധുര ഗീതങ്ങൾ. 21ന് രാത്രി 11ന് വലിയ വിളക്ക്. ചേന്നാമംഗലം രഘുമാരാരുടെ പഞ്ചാരിമേളം. മരുത്തോർവട്ടം ബാബുവിന്റെ നാഗസ്വരം അരങ്ങിൽ ശാലു മേനോനും സംഘവും നയിക്കുന്ന നൃത്ത ശിൽപ്പം. 22ന് പള്ളിവേട്ട. രാത്രി ബ്ലൂ ഡയമണ്ട്‌സിന്റെ ഗാനമേള. പള്ളി നായാട്ട്, ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ പഞ്ചവാദ്യം, തുറവൂർ നാരായണപ്പണിക്കരുടെ നാദസ്വരം.
23ന് ആറാട്ട്. രാവിലെ ഏഴിന് ആറാട്ട് പുറപ്പാട്, 11ന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് ഇഞ്ചിക്കുട്ടി മാരിയപ്പൻ, ആർ. സുബ്രഹ്മണ്യൻ എന്നിവരുടെ നാദസ്വര കച്ചേരി. ആറിന് കാരാപ്പുഴ അമ്പലക്കടവ് ദേവി ക്ഷേത്ര കുളത്തിൽ ആറാട്ട്. രാത്രി എട്ടിന് സമാപന സമ്മേളനം, ഒൻപതിന് സിക്കിൾ ഗുരു ചരണിന്റെ സംഗീത സദസ്, രണ്ടിന് ആറാട്ട് എതിരേല്പ്. എല്ലാ ദിവസവും രാവിലെ മുതൽ ശിവശക്തി ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ അരങ്ങേറും. ഉത്സവബലി, എഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകൾക്കും ക്ഷേത്ര കലകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.


 തിരുനക്കര ശിവൻ തിടമ്പേറ്റും


ഇത്തവണത്തെ ഉത്സവത്തിന് പത്തു ദിവസവും (പൂരം ഉൾപ്പെടെ) മദപ്പാട് മാറിയ തിരുനക്കര ശിവൻ തേവരുടെ തിടമ്പേറ്റുമെന്ന് ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. ഉത്സവത്തിന് 65 ലക്ഷം രൂപയുടെ ബഡ്ജറ്റ് ആണ് അംഗീകരിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിൽ ഉപദേശക സമിതി പ്രസിഡന്റ് ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി ടി.സി. വിജയചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ടി. രാധാകൃഷ്ണപിള്ള, ഭാരവാഹികളായ സി.ആർ. രാജൻ ബാബു, സുരേഷ് വാര്യർ, ടി.വി. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.