പാലാ : നട്ടാശ്ശേരി സൂര്യകാലടി മനയെ അതിരിട്ടൊഴുകിയ മീനച്ചിലാറിനെ, മഹാഗണപതി ഒറ്റക്കൊമ്പിൽ കുത്തിയെടുത്ത് ആറിന്റെ ഗതി മാറ്റിയെന്ന ഐതിഹ്യത്തിന് ചരിത്രശാസ്ത്രങ്ങളുടെ പിൻബലമുണ്ടെന്ന് തെളിയിച്ച ഭൗമശാസ്ത്രജ്ഞൻ ഡോ.ബി.അജയ് കുമാർ കോട്ടയം ജില്ലാ ജിയോളജിസ്റ്റായി ഇന്നലെ ചുമതലയേറ്റു. മീനച്ചിലാറിന്റെ പൗരാണിക ഭൂമി ശാസ്ത്രത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പഠനത്തിന് 2009 ൽ എം.ജി. യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റും നൽകിയിരുന്നു. പശ്ചിമഘട്ടത്തിന്റെ ഉത്ഭവം മുതലുള്ള മീനച്ചിലാറിന് 150 ലക്ഷം വർഷമെങ്കിലും പഴക്കമുണ്ടെന്ന് അജയ് കുമാർ കണ്ടെത്തിയിരുന്നു. ആറായിരം വർഷം മുമ്പ് സമുദ്രനിരപ്പിന്റെ തീര ഭാഗങ്ങൾ താഴ്ന്ന് പുതിയ കരഭാഗം ഉയർന്നിരുന്നു. അന്ന് വേമ്പനാട്ട് കായൽ കോട്ടയം വയസ്‌ക്കരക്കുന്ന് വരെ കയറിക്കിടന്നിരുന്നുവെന്നും അജയ് കുമാർ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. നീണ്ട ഒന്നര പതിറ്റാണ്ട് കൊണ്ടാണ് ഈ വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കിയത്. മീനച്ചിലാറിന്റെ ഭരണങ്ങാനം ക്ഷേത്രത്തോടു ചേർന്ന ഭാഗത്തും സൂര്യകാലടിമന ഭാഗത്തും ആറ് ഗതിമാറി ഒഴുകിയിട്ടുണ്ട്. ഇപ്പോഴും വെള്ളപ്പൊക്ക കാലത്ത് പഴയ വഴിയിൽ ആറ് കയറി ഒഴുകാറുണ്ട്. ഇവിടെ നിന്നുള്ള മണലെടുത്ത് പരിശോധിച്ചപ്പോൾ നൂറ്റാണ്ടുകളോളം ആറ് ഇതുവഴിയാണ് ഒഴുകിയിരുന്നതെന്നായിരുന്നു അജയകുമാറിന്റെ കണ്ടെത്തൽ. 1994 ൽ നാട്ടകം ഗവ. കോളജിൽ നിന്ന് എം.എസ്.സി. ജിയോളജിയിൽ ഒന്നാം റാങ്കുമായി ഭൗമശാസ്ത്ര ഗവേഷണ രംഗത്തേയ്ക്ക് ഇറങ്ങിയ അജയ് കുമാർ ഇടുക്കിയിലെ മണ്ണിടിച്ചിൽ, വയനാട്ടിലെ ഭൂചലനങ്ങൾ എന്നിവയെപ്പറ്റി പഠനം നടത്തി പ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്. വിദേശ സർവകലാശാലകളിൽ നിന്നുൾപ്പെടെ ഭൗമശാസ്ത്ര ഗവേഷണ മേഖലകളിൽ പത്തോളം പുരസ്‌ക്കാരങ്ങൾ നേടി. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലും ജിയോളജിസ്റ്റായിരുന്നു. ഏഴാച്ചേരി കൂവക്കാട്ട് കുടുംബാംഗമായ അജയ് കുമാർ ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി എം.ആർ. ബാലകൃഷ്ണൻ നായരുടെയും റിട്ട. അദ്ധ്യാപിക രുഗ്മിണിയമ്മയുടെയും ഇളയ മകനാണ്. ചേട്ടൻ : ബി. അജിത് കുമാർ.