കോട്ടയം : അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം നഗരത്തിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കളക്ടറേറ്റിന് സമീപം മുൻ എം.പി അഡ്വ.സി.എസ് സുജാത റാലി ഉദ്ഘാടനം ചെയ്തു. അഭിഭാഷകർ, അദ്ധ്യാപകർ, വിദ്യാർഥിനികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ലതിക സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. സ്ത്രീ സുരക്ഷാനിയമങ്ങളെക്കുറിച്ചുള്ള സെമിനാറിന് അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. കല-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ നാരായണനെയും, മികച്ച അയൽക്കൂട്ടത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ തിടനാട് പഞ്ചമി അയൽക്കൂട്ടത്തിന്റെ പ്രതിനിധികളെയും ആദരിച്ചു. എഴുത്തുകാരി ചന്ദ്രലേഖ രവീന്ദ്രന്റെ 'താഴ്‌വാരങ്ങളിൽ തനിയെ" എന്ന കഥാസമാഹാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ അനിൽ പ്രകാശനം ചെയ്തു. സമ്മേളനത്തിനുശേഷം വനിതകളുടെ കലാപരിപാടികൾ നടന്നു.