പാലാ: സമൂഹത്തെ വളർത്തുന്നത് സ്ത്രീകളുടെ പ്രയത്‌നമാണെന്നും സ്ത്രീകൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സമൂഹം ഉൾക്കൊണ്ടേ പറ്റൂവെന്നും പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത വനിതാ ദിനാഘോഷസമ്മേളനം ളാലം സെന്റ് മേരീസ് പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. സ്ത്രീ ശാക്തീകരണം നാം സ്വീകരിക്കുകയും അതുവഴി സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യണം. സ്ത്രീസമത്വം വളരെ താഴെത്തട്ടിൽ നിന്നു തന്നെ വളർത്തിയെടുക്കണം. സ്ത്രീകൾക്കു നൽകുന്ന മാന്യതയും ബഹുമതിയും പങ്കാളിത്വവുമാണ് ഒരു സംസ്‌കാരത്തിന്റെ നിലവാരം അളക്കുന്നതിനുള്ള മാനദണ്ഡം. അദ്ധ്യാത്മികവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും എന്നുംവേണ്ട സമസ്തമേഖലകളിലും ചലനങ്ങൾ സൃഷ്ടിക്കാൻ സ്ത്രീകൾക്ക് സാധിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ള വനിതകൾക്കാണ് സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നത്. ലോകം നിലനിൽക്കുന്നതും മുന്നോട്ടുപോകുന്നതും സ്ത്രീകളിലൂടെയാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. മാതൃവേദി രൂപത പ്രസിഡന്റ് സിജി ലൂക്‌സൺ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ആമുഖപ്രസംഗവും മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. ബിന്ദു തോമസ് വനിതാദിന സന്ദേശം നൽകി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു. പാലാ കത്തീഡ്രൽ, ചേർപ്പുങ്കൽ, രാമപുരം, കടനാട്, പ്രവിത്താനം, ഭരണങ്ങാനം ഫൊറോനകൾ ഉൾപ്പെടുന്ന പാലാ മേഖലയുടെ വനിതാദിനാഘോഷ പരിപാടികളാണ് ഇന്നലെ നടത്തിയത്. ചേർപ്പുങ്കലിലുള്ള മാർ സ്ലീവാ മെഡിസിറ്റി പാലാ ഒരുക്കിയ സൗജന്യ പരിശോധനാ ക്യാമ്പും വിവിധ സംരംഭകരുടെ ഉല്പന്ന പ്രദർശന വിപണന മേളയും ഉണ്ടായിരുന്നു. മെഡിക്കൽ ക്യാമ്പിന്റെയും എക്‌സിബിഷന്റെയും ഉദ്ഘാടനം മോൺ.സെബാസ്റ്റിയൻ വേത്താനത്ത് നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറിന്റെ ഉദ്ഘാടനം പി.എസ്.ഡബ്‌ള്യു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ നിർവഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോർജ് നെല്ലിക്കുന്നു ചെരിവുപുരയിടം, ഫാ. തോമസ് തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.