കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണം അന്വേഷിക്കുന്നതിനായി വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് മോഷണം നടന്നത്. അഞ്ചു കാണിക്കവഞ്ചികളിൽ നിന്നായി അയ്യായിരത്തോളം രൂപയാണ് മോഷ്‌ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെപ്പറ്റി വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. മുൻപ് അമ്പലമോഷണങ്ങളിൽ അടക്കം പ്രതികളായവരുടെ പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാലു പേരെ ചോദ്യം ചെയ്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രതിയുടെ മുഖം കാമറയിൽ വ്യക്തമല്ലാത്ത സാഹചര്യത്തിൽ പൊലീസിലെ രേഖാചിത്ര കലാകാരൻ രാജേഷ് മണിമലയെ ഉപയോഗിച്ച് ചിത്രം വരച്ച് പ്രതിയുടെ വ്യക്തമായ രൂപം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.